2021/22 സീസണിലാണ് അഡ്രിയാൻ ലൂണ കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയത്.അറ്റാക്കിങ് മിഡ്‌ഫീൽഡർ പൊസിഷനിൽ കളിക്കുന്ന ഈ താരം ഓസ്ട്രേലിയൻ ക്ലബ്ബായ മെൽബൺ സിറ്റിയിൽ നിന്നായിരുന്നു കേരളത്തിലേക്ക് എത്തിയത്. വളരെ ചുരുങ്ങിയ കാലയളവ് കൊണ്ട് അദ്ദേഹം വലിയ വളർച്ച കൈവരിച്ചു.ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും പ്രധാനപ്പെട്ട താരങ്ങളിൽ ഒരാളായി മാറാൻ ലൂണക്ക് സാധിക്കുകയായിരുന്നു.
കഴിഞ്ഞ മൂന്ന് സീസണുകളിലും മികച്ച പ്രകടനം നടത്തിയ ലൂണ ഇത് ക്ലബ്ബിനോടൊപ്പമുള്ള നാലാമത്തെ സീസണാണ്. അദ്ദേഹം ക്ലബ്ബ് വിട്ടേക്കും എന്നുള്ള റൂമറുകൾ ഉണ്ടായിരുന്നുവെങ്കിലും ബ്ലാസ്റ്റേഴ്സ് കോൺട്രാക്ട് പുതുക്കിക്കൊണ്ട് അദ്ദേഹത്തെ നിലനിർത്തുകയായിരുന്നു. നിലവിൽ ബ്ലാസ്റ്റേഴ്സിന്റെ ക്യാപ്റ്റനും അഡ്രിയാൻ ലൂണ തന്നെയാണ്. കഴിഞ്ഞ ദിവസം ബ്ലാസ്റ്റേഴ്സിലെ അക്കാദമി താരങ്ങളുമായി ലൂണ സംവദിച്ചിരുന്നു.
ഒരുപാട് കാര്യങ്ങളെക്കുറിച്ച് അവരുമായി അദ്ദേഹം സംസാരിച്ചിട്ടുണ്ട്. മാത്രമല്ല ബ്ലാസ്റ്റേഴ്സിലെ ഏറ്റവും മികച്ച സീസൺ ഏതാണ് എന്ന് ലൂണയോട് ചോദിക്കപ്പെട്ടിരുന്നു. ആദ്യത്തെ സീസൺ എന്ന മറുപടിയാണ് അദ്ദേഹം നൽകിയിട്ടുള്ളത്.അതൊരു ശരിയായ ഉത്തരം തന്നെയാണ് എന്ന് പറയേണ്ടിവരും.ഇവാൻ വുക്മനോവിച്ചിന്റെ കീഴിലുള്ള ആദ്യത്തെ സീസണിൽ ഗംഭീരമായ പ്രകടനമായിരുന്നു ലൂണയും ബ്ലാസ്റ്റേഴ്സും നടത്തിയിരുന്നത്.
ഐഎസ്എല്ലിന്റെ ഫൈനൽ വരെ എത്താൻ ബ്ലാസ്റ്റേഴ്സിന് സാധിച്ചിരുന്നു.നിർഭാഗ്യംകൊണ്ട് അന്ന് പരാജയപ്പെടുകയായിരുന്നു. ഏതായാലും ഇക്കാലമത്രയും മികച്ച പ്രകടനം ബ്ലാസ്റ്റേഴ്സിന് വേണ്ടി നടത്താൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ആകെ 63 മത്സരങ്ങൾ ക്ലബ്ബിന് വേണ്ടി കളിച്ച താരം 15 ഗോളുകളും 20 അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. ഇന്ത്യൻ സൂപ്പർ ലീഗിൽ 50 മത്സരങ്ങൾ കളിച്ച താരം 12 ഗോളുകളും 17 അസിസ്റ്റുകളുമാണ് സ്വന്തമാക്കിയിട്ടുള്ളത്.
ഈ സീസണിൽ അസുഖം മൂലം ആദ്യത്തെ മത്സരങ്ങൾ അദ്ദേഹത്തിന് നഷ്ടമായിരുന്നു.ഇതുവരെ ലീഗിൽ സ്റ്റാർട്ട് ചെയ്യാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല.ഇന്റർനാഷണൽ ബ്രേക്കിന് ശേഷം ലൂണ പഴയ മികവിലേക്ക് തിരികെയെത്തും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.