കഴിഞ്ഞ രണ്ട് സീസണുകളിലും കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി കിടിലൻ പ്രകടനം പുറത്തെടുത്ത സൂപ്പർ താരമാണ് ദിമി.കഴിഞ്ഞ സീസണിൽ 13 ഗോളുകൾ ആയിരുന്നു ഐഎസ്എല്ലിൽ മാത്രമായി അദ്ദേഹം നേടിയിരുന്നത്.ഗോൾഡൻ ബൂട്ട് സ്വന്തമാക്കിയത് അദ്ദേഹമായിരുന്നു.എന്നാൽ താരത്തെ നിലനിർത്തുന്നതിൽ കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടു.രണ്ടുവർഷത്തെ കോൺട്രാക്ട് പൂർത്തിയാക്കിക്കൊണ്ട് അദ്ദേഹം ബ്ലാസ്റ്റേഴ്സ് വിടുകയായിരുന്നു.
കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ഈസ്റ്റ് ബംഗാളിലേക്ക് ആണ് അദ്ദേഹം പോയിട്ടുള്ളത്.നാളെ നടക്കുന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സും ഈസ്റ്റ് ബംഗാളും തമ്മിലാണ് ഏറ്റുമുട്ടുന്നത്. ബ്ലാസ്റ്റേഴ്സിന്റെ മൈതാനമായ കൊച്ചിയിൽ വെച്ചുകൊണ്ട് നാളെ വൈകീട്ട് 7:30നാണ് ഈയൊരു മത്സരം അരങ്ങേറുക.ദിമി ആദ്യമായി കേരള ബ്ലാസ്റ്റേഴ്സിനെതിരെ ബൂട്ടണിയുന്ന മത്സരം എന്ന സവിശേഷത കൂടി ഇതിനുണ്ട്.
ഇന്നത്തെ പത്രസമ്മേളനത്തിൽ ഈസ്റ്റ് ബംഗാളിന് വേണ്ടി പങ്കെടുത്തിരുന്നത് ദിമിയായിരുന്നു.കേരള ബ്ലാസ്റ്റേഴ്സ് ആരാധകരെ പ്രശംസിച്ചുകൊണ്ട് അദ്ദേഹം സംസാരിച്ചിട്ടുണ്ട്. എന്നാൽ കേരള ബ്ലാസ്റ്റേഴ്സിനെതിരെ തനിക്ക് ഗോളടിക്കണമെന്നും തന്റെ ടീമിനെ സഹായിക്കേണ്ടതുണ്ട് എന്നും ദിമി വ്യക്തമാക്കിയിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
‘ഇവിടെ തിരിച്ചെത്താൻ കഴിഞ്ഞത് മികച്ച ഒരു അനുഭവമാണ്.ഇവിടെ ആരാധകർ എന്നെ ട്രീറ്റ് ചെയ്ത കാര്യത്തിൽ ഞാൻ അവരെ അഭിനന്ദിക്കുന്നു. കേരള ബ്ലാസ്റ്റേഴ്സ് ആരാധകരോട് എനിക്ക് ഒരുപാട് ബഹുമാനം ഉണ്ട്. പക്ഷേ ഞാൻ ഇപ്പോൾ അവരുടെ എതിരാളിയാണ്.ആരാധകർ എന്നെ മനസ്സിലാക്കും എന്ന് കരുതുന്നു. എനിക്ക് നാളത്തെ മത്സരത്തിൽ ഗോൾ അടിക്കുകയും എന്റെ ടീമിനെ സഹായിക്കുകയും വേണം.ഇത് ഫുട്ബോളാണ്. ഇവിടെ ഇങ്ങനെയൊക്കെയാണ് ‘ ഇതാണ് ദിമി പറഞ്ഞിട്ടുള്ളത്.
ദിമിയെ പൂട്ടുക എന്നുള്ള ഒരു വലിയ വെല്ലുവിളിയാണ് കേരള ബ്ലാസ്റ്റേഴ്സ് പ്രതിരോധനിര താരങ്ങളുടെ മുന്നിലുള്ളത്.ആദ്യ മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്.ഈസ്റ്റ് ബംഗാളും പരാജയം രുചിച്ചു കൊണ്ടാണ് വരുന്നത്. അതുകൊണ്ടുതന്നെ ആദ്യ വിജയത്തിനു വേണ്ടി രണ്ട് ടീമുകളും ഒരു മികച്ച പ്രകടനം പുറത്തെടുത്തേക്കും.