അർജന്റീന അണ്ടർ 23 ടീമും ജപ്പാൻ അണ്ടർ 23 ടീമും തമ്മിലുള്ള മത്സരം ഇന്നലെയായിരുന്നു നടന്നിരുന്നത്. മത്സരത്തിൽ ഒരു വമ്പൻ തോൽവിയാണ് അർജന്റീന ഏറ്റു വാങ്ങേണ്ടി വന്നത്. രണ്ടിനെതിരെ അഞ്ചു ഗോളുകൾക്ക് അർജന്റീനയെ ജപ്പാൻ തോൽപ്പിക്കുകയായിരുന്നു. ഒരു ഘട്ടത്തിൽ ഒന്നിനെതിരെ 2 ഗോളുകൾക്ക് ജപ്പാൻ പിറകിലായിരുന്നു. പിന്നീട് 23 മിനിട്ടിനിടെ നാല് ഗോളുകൾ നേടി കൊണ്ട് ജപ്പാൻ തിരിച്ചുവരികയായിരുന്നു.
ഈ മത്സരത്തിൽ എടുത്തു പറയേണ്ടത് സൂപ്പർ താരമായ തിയാഗോ അൽമേഡ ഒരു തകർപ്പൻ ഗോൾ നേടി എന്നതാണ്. രണ്ടാം പകുതി തുടങ്ങിയ ഉടനെ ഒരു ഫ്രീകിക്ക് ഗോളാണ് അദ്ദേഹത്തിൽ നിന്നും പിറന്നിട്ടുള്ളത്. ജപ്പാൻ ഗോൾകീപ്പർക്ക് എത്തിപ്പിടിക്കാവുന്നതിലും അപ്പുറമായിരുന്നു അദ്ദേഹത്തിന്റെ ഫ്രീകിക്ക്. പക്ഷേ ആ ഫ്രീകിക്ക് ഗോൾകൊണ്ടും കാര്യമുണ്ടായിരുന്നില്ല എന്നതാണ് യാഥാർത്ഥ്യം.വലിയ തോൽവിയാണ് അർജന്റീനക്ക് വഴങ്ങേണ്ടിവന്നത്.
ഫ്രീകിക്ക് ഗോളുകൾ നേടുന്നതിൽ അതിവിദഗ്ധനാണ് അൽമേഡ. അമേരിക്കൻ ക്ലബ്ബായ അറ്റ്ലാന്റ യുണൈറ്റഡിന് വേണ്ടിയാണ് അദ്ദേഹം കളിച്ചുകൊണ്ടിരിക്കുന്നത്. ഈ സീസണിൽ പോർട്ട് ലാൻഡിനെതിരെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് അറ്റ്ലാൻഡ വിജയിച്ചിരുന്നു. ആ മത്സരത്തിൽ ഒരു കിടിലൻ ഫ്രീകിക്ക് ഗോൾ അൽമേഡ നേടിയിരുന്നു എന്നത് മാത്രമല്ല തകർപ്പൻ പ്രകടനമാണ് കഴിഞ്ഞ സീസണിലും ഈ സീസണിലും അദ്ദേഹം അമേരിക്കയിൽ നടത്തിയിട്ടുള്ളത്.
കഴിഞ്ഞ സീസണിലെ എംഎൽഎസിലെ ഏറ്റവും മികച്ച പുതുമുഖ താരത്തിനുള്ള അവാർഡ് നേടിയത് ഈ അർജന്റീന സൂപ്പർതാരമായിരുന്നു. ആറു ഗോളുകളും ഏഴ് അസിസ്റ്റുകളും ആയിരുന്നു കഴിഞ്ഞ സീസണിൽ അദ്ദേഹം 29 മത്സരങ്ങളിൽ നിന്ന് നേടിയിരുന്നത്. എന്നാൽ അതിനേക്കാൾ മികച്ച പ്രകടനമാണ് ഈ സീസണിൽ അമേരിക്കയിൽ അൽമേഡ നടത്തിയിട്ടുള്ളത്.31 മത്സരങ്ങളിൽ നിന്ന് 11 ഗോളുകളും 16 അസിസ്റ്റുകളും ഈ യുവ സൂപ്പർ താരം സ്വന്തമാക്കി കഴിഞ്ഞു.ചുരുക്കത്തിൽ അസാമാന്യ പ്രകടനമാണ് 22 വയസ്സ് മാത്രം ഉള്ള ഈ താരം പുറത്തെടുക്കുന്നത്.
പറഞ്ഞുവരുന്നത് അർജന്റീന ദേശീയ ടീമിൽ അർഹമായ ഒരു സ്ഥാനം ഇദ്ദേഹത്തിന് നൽകേണ്ടതുണ്ട് എന്നതാണ്. അവസരങ്ങൾ നൽകി ഉപയോഗപ്പെടുത്തി എടുത്താൽ അർജന്റീനക്ക് തീർച്ചയായും വലിയ ഒരു മുതൽക്കൂട്ട് തന്നെയായിരിക്കും തിയാഗോ അൽമേഡ. അർജന്റീനയുടെ സീനിയർ ടീമിന് വേണ്ടി കളിക്കാൻ കഴിഞ്ഞിട്ടുള്ള താരമാണ് ഇദ്ദേഹം.ഭാവിയിൽ കൂടുതൽ അവസരങ്ങൾ അദ്ദേഹത്തിന് അർജന്റീന പരിശീലകൻ നൽകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മാത്രമല്ല വൈകാതെ അദ്ദേഹം യൂറോപ്പിലെ ഏതെങ്കിലും പ്രമുഖ ക്ലബ്ബിൽ എത്തുമെന്നും പ്രതീക്ഷിക്കുന്നുണ്ട്.