16 മത്സരങ്ങളിൽ നിന്ന് ഒരൊറ്റ ക്ലീൻ ഷീറ്റുമില്ല,10 മത്സരങ്ങളിൽ വിജയവുമില്ല,പിന്നീട് സിൽവ വന്നതിന് ശേഷമുള്ള മാറ്റം കണ്ടോ?
കഴിഞ്ഞ സീസണോടുകൂടി ബ്രസീലിയൻ സൂപ്പർ താരമായ തിയാഗോ സിൽവ ചെൽസി കരിയർ അവസാനിപ്പിച്ചിരുന്നു. നാല് വർഷമാണ് സിൽവ ചെൽസിയിൽ തുടർന്നത്.ആ പ്രായത്തിലും പ്രീമിയർ ലീഗിൽ മിന്നുന്ന പ്രകടനം പുറത്തെടുക്കാൻ സിൽവക്ക് കഴിഞ്ഞിരുന്നു. ഒടുവിൽ ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ അദ്ദേഹം ബ്രസീലിലേക്ക് തന്നെ മടങ്ങിയെത്തി.
ബ്രസീലിയൻ ക്ലബ്ബായ ഫ്ലുമിനൻസിലൂടെയായിരുന്നു സിൽവ തന്റെ കരിയർ ആരംഭിച്ചിരുന്നത്. ആ ക്ലബ്ബിലേക്ക് തന്നെയാണ് അദ്ദേഹം മടങ്ങിയെത്തിയിട്ടുള്ളത്.ഈ സീസണിൽ വളരെ മോശം പ്രകടനമാണ് ഫ്ലുമിനൻസ് നടത്തിക്കൊണ്ടിരിക്കുന്നത്.ബ്രസീലിയൻ ലീഗിൽ ഇപ്പോൾ പത്തൊമ്പതാം സ്ഥാനത്താണ് അവർ ഉള്ളത്.18 മത്സരങ്ങളിൽ നിന്ന് കേവലം 14 പോയിന്റ് മാത്രമാണ് അവർക്ക് ഉള്ളത്.
സിൽവ വരുന്നതിനു മുമ്പ് അവരുടെ പ്രകടനം വളരെ ദയനീയമായിരുന്നു.അവസാനത്തെ 16 മത്സരങ്ങളിൽ നിന്ന് ഒരു ക്ലീൻ ഷീറ്റ് പോലും നേടാൻ അവർക്ക് കഴിഞ്ഞിരുന്നില്ല.എല്ലാ മത്സരങ്ങളിലും അവർ ഗോൾ വഴങ്ങിയിരുന്നു. മാത്രമല്ല അവസാനത്തെ 10 മത്സരങ്ങളിൽ നിന്ന് ഒരു വിജയം പോലും നേടാൻ അവർക്ക് കഴിഞ്ഞിരുന്നില്ല. അങ്ങനെ ദയനീയമായ സ്ഥിതിയിൽ കളിക്കുന്ന ഒരു ക്ലബ്ബിലേക്കാണ് സിൽവ ജോയിൻ ചെയ്തത്. എന്നാൽ ഈ താരത്തിന്റെ വരവോടുകൂടി കളിമാറി.
സിൽവ വന്നതിന് ശേഷം കളിച്ച രണ്ട് മത്സരങ്ങളിലും ഫ്ലുമിനൻസ് വിജയിച്ച് കയറുകയായിരുന്നു. ആ രണ്ട് മത്സരങ്ങളിലും അവർ ക്ലീൻ ഷീറ്റ് നേടുകയും ചെയ്തു. സിൽവയുടെ എഫക്ട് കൃത്യമായി അറിയാൻ ആരാധകർക്ക് കഴിഞ്ഞു എന്ന് വേണം പറയാൻ. കരുത്തരായ പാൽമിറാസിനെയാണ് അവർ കഴിഞ്ഞ മത്സരത്തിൽ പരാജയപ്പെടുത്തിയത്. അതിന് മുൻപ് നടന്ന മത്സരത്തിൽ കിയാബയെ അവർ പരാജയപ്പെടുത്തുകയും ചെയ്തു.
രണ്ട് മത്സരങ്ങളിലും സിൽവ മികച്ച പ്രകടനം നടത്തിയിട്ടുണ്ട്.അദ്ദേഹത്തിന്റെ സാന്നിധ്യം തന്നെയാണ് ഈ ടീമിനെ സഹായിച്ചിട്ടുള്ളത്. പ്രായം 39 ആയിട്ടുണ്ടെങ്കിലും അതിന്റെ അവശതകൾ ഒന്നും തന്നെ അദ്ദേഹത്തെ ബാധിച്ചിട്ടില്ല.ഇപ്പോഴും മികച്ച പ്രകടനം അദ്ദേഹം നടത്തുന്നു.സിൽവയെ പോലെ എക്സ്പീരിയൻസ് ഉള്ള ഒരു താരത്തെയാണ് ഡിഫൻസിൽ ഇന്ന് ബ്രസീൽ ടീം ഏറ്റവും കൂടുതൽ മിസ്സ് ചെയ്യുന്നത്.