ബംഗളൂരു എഫ്സിയോട് കേരള ബ്ലാസ്റ്റേഴ്സ് ഒരിക്കൽ കൂടി പരാജയപ്പെട്ടിരിക്കുന്നു. രണ്ടിനെതിരെ നാലു ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സിനെ ചിരവൈരികൾ പരാജയപ്പെടുത്തിയത്.ഇതോടെ ഈ സീസണിൽ ബംഗളൂരു എഫ്സിക്കെതിരെ കളിച്ച രണ്ടു മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുകയായിരുന്നു.വളരെ പരിതാപകരമായ പ്രകടനമാണ് ഇപ്പോൾ ബ്ലാസ്റ്റേഴ്സ് നടത്തിക്കൊണ്ടിരിക്കുന്നത്.
പരിശീലകനായ മികയേൽ സ്റ്റാറേയെ പുറത്താക്കണമെന്ന് പലരും ആവശ്യപ്പെടുന്നുണ്ട്. ഈ തോൽവിയുടെ കാര്യത്തിൽ സ്റ്റാറേക്കും കടുത്ത നിരാശയുണ്ട്.മത്സരശേഷം അത് വ്യക്തമായിരുന്നു. വളരെ ദേഷ്യപ്പെട്ടു കൊണ്ട് സംസാരിക്കുന്ന ഒരു പരിശീലകനെയാണ് മത്സരശേഷം നമുക്ക് കാണാൻ കഴിഞ്ഞത്. പരാജയപ്പെട്ടതിനു ശേഷം ഡ്രസ്സിങ് റൂമിലേക്ക് പോകുന്നതിനു മുന്നേ തന്നെ മൈതാന മധ്യത്ത് വച്ചുകൊണ്ട് ഒരു അടിയന്തരയോഗം ചേർന്നിരുന്നു.
തന്റെ നിരാശയും ദേഷ്യവും അദ്ദേഹം താരങ്ങളോട് പങ്കുവെച്ചിരുന്നു.ഒരല്പം ഹീറ്റായി കൊണ്ടായിരുന്നു അദ്ദേഹം സംസാരിച്ചിരുന്നത്. മാത്രമല്ല കേരള ബ്ലാസ്റ്റേഴ്സിന്റെ ക്യാപ്റ്റനായ അഡ്രിയാൻ ലൂണയോടും അദ്ദേഹം ദേഷ്യപ്പെട്ടു കൊണ്ട് സംസാരിക്കുന്നതിന്റെ വീഡിയോകൾ പുറത്ത് വന്നിട്ടുണ്ട്. തുടർ തോൽവികളിൽ ഈ പരിശീലകനും വളരെയധികം നിരാശനാണ്.
മത്സരശേഷം കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകർക്ക് മുന്നിൽ വന്നുകൊണ്ട് കുറച്ചുനേരം ബ്ലാസ്റ്റേഴ്സ് താരങ്ങൾ സമയം ചിലവഴിച്ചിരുന്നു. പക്ഷേ അപ്പോഴും കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകർ ബ്ലാസ്റ്റേഴ്സിന് വേണ്ടി ആർത്തു വിളിക്കുകയായിരുന്നു. ഇക്കാര്യത്തിൽ രണ്ട് അഭിപ്രായങ്ങൾ നിലനിൽക്കുന്നുണ്ട്. ബ്ലാസ്റ്റേഴ്സ് താരങ്ങളോട് ചോദ്യങ്ങൾ ഉന്നയിക്കുന്നതിനു പകരം പ്രോത്സാഹനം നൽകുന്നത് ശരിയായ കാര്യമല്ല എന്നാണ് ഒരു വിഭാഗം ആളുകൾ അഭിപ്രായപ്പെടുന്നത്. എന്നാൽ തോൽവിയിലും താരങ്ങളെ കൈവിടാത്തത് പോസിറ്റീവായ ഒരു കാര്യമാണ് എന്ന് അഭിപ്രായപ്പെടുന്നവരും ഏറെയാണ്.
ഏതായാലും ഇനി പ്ലേ ഓഫ് യോഗ്യത നേടണമെങ്കിൽ ബ്ലാസ്റ്റേഴ്സ് വല്ലാതെ കഷ്ടപ്പെടേണ്ടി വരും.ആരാധകരുടെ പ്രതീക്ഷകളൊക്കെ ഏതാണ്ട് അവസാിച്ചിട്ടുണ്ട്. ഇനി എന്തെങ്കിലുമൊക്കെ അത്ഭുതങ്ങൾ സംഭവിച്ചാൽ മാത്രമാണ് ബ്ലാസ്റ്റേഴ്സിന് തിരിച്ചുവരാൻ സാധിക്കുക.