മറ്റൊരു ബ്ലാസ്റ്റേഴ്സ് താരത്തെ ഈസ്റ്റ് ബംഗാൾ സ്വന്തമാക്കി, പറപ്പൂരിന്റെ താരത്തെ സൈൻ ചെയ്ത് ബ്ലാസ്റ്റേഴ്സ്,ബിജോയ്ക്ക് ഓഫർ!
കേരള ബ്ലാസ്റ്റേഴ്സിന്റെ ട്രാൻസ്ഫറുകളുമായി ബന്ധപ്പെട്ട് നിരവധി വാർത്തകൾ പുറത്തേക്ക് വന്നു കൊണ്ടിരിക്കുന്ന ഒരു സമയമാണിത്. പല താരങ്ങളോടും ക്ലബ്ബ് വിട പറഞ്ഞിരുന്നു. ഇതുവരെ ഒരു സൈനിങ്ങ് മാത്രമാണ് ബ്ലാസ്റ്റേഴ്സ് പ്രഖ്യാപിച്ചിട്ടുള്ളത്. ഗോൾകീപ്പർ സോം കുമാറിനെയാണ് കേരള ബ്ലാസ്റ്റേഴ്സ് കൊണ്ടുവന്നിട്ടുള്ളത്. കൂടുതൽ സൈനിങ്ങുകൾ ഉടൻ പ്രഖ്യാപിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
കേരള ബ്ലാസ്റ്റേഴ്സുമായി ബന്ധപ്പെട്ട കുറച്ചു വാർത്തകൾ ഇപ്പോൾ പുറത്തേക്കു വന്നിട്ടുണ്ട്. അതിലൊന്ന് കേരള ബ്ലാസ്റ്റേഴ്സിന്റെ അക്കാദമി താരമായ ഷിജാസ് ടിപിയെ ബ്ലാസ്റ്റേഴ്സ് കൈവിട്ടു എന്നുള്ളതാണ്.20 വയസ്സ് മാത്രമുള്ള ഈ താരം സ്ട്രൈക്കർ പൊസിഷനിലാണ് കളിക്കുന്നത്.അദ്ദേഹത്തെ ഈസ്റ്റ് ബംഗാളാണ് സ്വന്തമാക്കിയിട്ടുള്ളത്.മൂന്നുവർഷത്തെ ഒരു കോൺട്രാക്ടിലാണ് അദ്ദേഹം ഒപ്പുവെക്കുന്നത്. നേരത്തെ ബ്ലാസ്റ്റേഴ്സ് സൂപ്പർതാരമായ ദിമിയെ ഈസ്റ്റ് ബംഗാൾ സ്വന്തമാക്കിയിരുന്നു.
മറ്റൊരു വാർത്ത ബ്ലാസ്റ്റേഴ്സ് താരം ബിജോയ് വർഗീസുമായി ബന്ധപ്പെട്ടതാണ്. പ്രതിരോധനിരതാരമായ ഇദ്ദേഹം കഴിഞ്ഞ സമ്മറിൽ ലോൺ അടിസ്ഥാനത്തിൽ ഇന്റർ കാശിയിലേക്ക് പോയിരുന്നു.അദ്ദേഹത്തെ നിലനിർത്താനാണ് ഇപ്പോൾ ഇന്റർ താല്പര്യപ്പെടുന്നത്. അതുകൊണ്ടുതന്നെ രണ്ട് വർഷത്തെ ഒരു ഓഫർ താരത്തിന് ഇന്റർ കാശി നൽകിയിട്ടുണ്ട്.ബിജോയ് അവിടെ തന്നെ തുടരാനാണ് സാധ്യത.
2025 യുള്ള ഒരു കോൺട്രാക്ട് അദ്ദേഹത്തിന് ബ്ലാസ്റ്റേഴ്സുമായി അവശേഷിക്കുന്നുണ്ട്. താരത്തെ കൈവിടുകയാണെങ്കിൽ ഒരു ട്രാൻസ്ഫർ തുക ബ്ലാസ്റ്റേഴ്സിന് ലഭിച്ചേക്കും. മറ്റൊരു വാർത്ത ബ്ലാസ്റ്റേഴ്സ് ഒരു പ്രതിരോധനിര താരത്തിന്റെ സൈനിങ്ങ് പൂർത്തിയാക്കി എന്നതാണ്. പറപ്പൂർ എഫ്സിയുടെ ഡിഫൻഡർ ആയ ജഗന്നാഥ് ജയനെ കേരള ബ്ലാസ്റ്റേഴ്സ് സൈൻ ചെയ്തു എന്നാണ് അറിയാൻ സാധിക്കുന്നത്. ഒരുപക്ഷേ ഇദ്ദേഹം ബ്ലാസ്റ്റേഴ്സിന്റെ റിസർവ് ടീമിന്റെ ഭാഗമാവുകയാണ് ചെയ്യുക.ഏതായാലും ഇക്കാര്യങ്ങളിൽ ഒക്കെ ഒഫീഷ്യൽ സ്ഥിരീകരണങ്ങൾ വരേണ്ടതുണ്ട്.