ആരായിരിക്കും ഇത്തവണത്തെ ഡ്യൂറന്റ് കപ്പ് നേടുക? സാധ്യത പട്ടികയിൽ കേരള ബ്ലാസ്റ്റേഴ്സും!
2024/25 സീസണിന് ഇപ്പോൾ ഇന്ത്യയിൽ ഔദ്യോഗികമായി തുടക്കം കുറിച്ചിട്ടുണ്ട്.ഡ്യൂറന്റ് കപ്പാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ആദ്യ റൗണ്ട് പോരാട്ടങ്ങൾ ആരംഭിച്ചു കഴിഞ്ഞു.മോഹൻ ബഗാൻ, ജംഷെഡ്പൂർ എന്നിവരൊക്കെ വിജയിച്ചു കൊണ്ട് തുടങ്ങിയിട്ടുണ്ട്.ആരാധകർ കാത്തിരിക്കുന്നത് കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരത്തിനു വേണ്ടിയാണ്.
ഓഗസ്റ്റ് ഒന്നാം തീയതിയാണ് ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം നടക്കുക. എതിരാളികൾ മുംബൈ സിറ്റിയാണ്.കൊൽക്കത്തയിൽ വച്ചുകൊണ്ടാണ് മത്സരം അരങ്ങേറുക. ടൂർണമെന്റിൽ പങ്കെടുക്കാൻ വേണ്ടി സ്റ്റാറേയുടെ നേതൃത്വത്തിലുള്ള ബ്ലാസ്റ്റേഴ്സ് ടീം ഇപ്പോൾ കൊൽക്കത്തയിൽ എത്തിയിട്ടുണ്ട്. തായ്‌ലാൻഡിൽ ആയിരുന്നു ഇതുവരെ ബ്ലാസ്റ്റേഴ്സ് തങ്ങളുടെ ഒരുക്കങ്ങൾ നടത്തിയിരുന്നത്.
കഴിഞ്ഞ ദിവസം ഖേൽ നൗ ഒരു റാങ്കിംഗ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതായത് ഇത്തവണത്തെ ഡ്യൂറന്റ് കപ്പ് നേടാൻ സാധ്യതയുള്ള അഞ്ച് ടീമുകളുടെ ലിസ്റ്റ് ആണ് ഇവർ പ്രസിദ്ധീകരിച്ചിട്ടുള്ളത്.റാങ്കിംഗ് അടിസ്ഥാനത്തിൽ പ്രസിദ്ധീകരിച്ച ഈ ലിസ്റ്റിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നത് ബംഗളൂരു എഫ്സിയാണ്. അവരാണ് ഇത്തവണ ഈ കിരീടം സ്വന്തമാക്കാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള ടീം.
രണ്ടാം സ്ഥാനത്ത് മോഹൻ ബഗാൻ വരുന്നു. പ്രധാനപ്പെട്ട താരങ്ങൾ കളിക്കുന്നില്ലെങ്കിലും മോഹൻ ബഗാന് കിരീട സാധ്യതകൾ ഏറെയാണ്.അതേസമയം കേരള ബ്ലാസ്റ്റേഴ്സ് മൂന്നാം സ്ഥാനത്താണ് വരുന്നത്.ബ്ലാസ്റ്റേഴ്സിന് ഇത്തവണ വലിയ സാധ്യതകൾ കല്പിക്കുന്നുണ്ട്.പ്രധാനപ്പെട്ട താരങ്ങളെ കളിപ്പിക്കാൻ ക്ലബ്ബ് തീരുമാനിച്ചിട്ടുണ്ട്. മാത്രമല്ല പ്രീ സീസണിൽ മികച്ച പ്രകടനം കേരള ബ്ലാസ്റ്റേഴ്സ് നടത്തുകയും ചെയ്തിട്ടുണ്ട്.അതുകൊണ്ടാണ് ബ്ലാസ്റ്റേഴ്സിന്റെ സാധ്യതകൾ വർദ്ധിച്ചിട്ടുള്ളത്.
നാലാം സ്ഥാനത്ത് ഈസ്റ്റ് ബംഗാളാണ് വരുന്നത്. അഞ്ചാം സ്ഥാനത്ത് മറ്റൊരു കൊൽക്കത്തൻ ക്ലബ്ബായ മുഹമ്മദൻ എസ്സി ഇടം നേടിയിട്ടുണ്ട്.ആദ്യ മത്സരത്തിൽ ഇവർ സമനില വഴങ്ങിയിരുന്നു. ഇങ്ങനെയാണ് ഖേൽ നൗ പ്രസിദ്ധീകരിച്ചിട്ടുള്ള റാങ്കിംഗ് വരുന്നത്. നിലവിലെ ഡ്യൂറന്റ് കപ്പ് ജേതാക്കൾ മോഹൻ ബഗാനാണ്.
ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം ഗ്രൂപ്പ് ഘട്ടം എളുപ്പമാവില്ല.മുംബൈ സിറ്റി, പഞ്ചാബ് എഫ്സി എന്നിവർ ബ്ലാസ്റ്റേഴ്സിന്റെ ഗ്രൂപ്പിൽ ആണ് ഉള്ളത്. കൂടാതെ CISF പ്രൊട്ടക്ടേഴ്സ് എന്ന ക്ലബ്ബുമുണ്ട്.മുന്നോട്ട് പോവണമെങ്കിൽ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത് എത്തേണ്ടത് നിർബന്ധമാണ്.