കഴിഞ്ഞ ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് എങ്ങനെയാണ് പുറത്തായത് എന്നത് എല്ലാവർക്കും ഓർമ്മയുണ്ടാകും. പ്ലേ ഓഫ് മത്സരത്തിൽ ബംഗളൂരു ഒരു വിവാദ ഗോൾ നേടുകയും അത് റഫറി അനുവദിക്കുകയും ചെയ്തു. ഇതിനെതിരെ കേരള ബ്ലാസ്റ്റേഴ്സ് പ്രതിഷേധിക്കുകയായിരുന്നു. തുടർന്ന് പരിശീലകൻ ഇവാൻ വുക്മനോവിച്ചിന്റെ നിർദ്ദേശപ്രകാരം താരങ്ങൾ കളം വിട്ടുകൊണ്ട് മത്സരം ബഹിഷ്കരിക്കുകയും ചെയ്തു.
എന്നാൽ ഇക്കാര്യത്തിൽ പിന്നീട് ക്ലബ്ബിനും പരിശീലകനും വലിയ ശിക്ഷാനടപടികൾ ഏൽക്കേണ്ടി വന്നു. പക്ഷേ റഫറിമാരുടെ മിസ്റ്റേക്കുകൾക്ക് ഒരു അറുതിയും വന്നിട്ടില്ല. ഈ സീസണിലും ഇവാൻ വുക്മനോവിച്ച് വിമർശനങ്ങൾ ഉയർത്തി. പക്ഷേ അദ്ദേഹത്തിന് വിലക്ക് വീണു എന്നല്ലാതെ റഫറിമാരുടെ നിലവാരം വർദ്ധിപ്പിക്കാൻ AIFF ഒന്നും ചെയ്തിട്ടില്ല.എന്നാൽ ഇത് ഇന്ത്യയിൽ മാത്രമുള്ളതല്ല, ഒരു ആഗോള പ്രതിഭാസമാണ് എന്ന് പറയേണ്ടിവരും.
തുർക്കിഷ് ലീഗിൽ നിന്ന് ഒരു വാർത്ത ഇപ്പോൾ പുറത്തേക്ക് വന്നിട്ടുണ്ട്. തുർക്കിഷ് ലീഗിലെ മത്സരത്തിൽ ഇസ്താംബുൾസ്പോറും ട്രാബ്സോൺസ്പോറും തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്.ഈ മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ഇസ്താംബൂൾ പിറകിൽ നിൽക്കുകയായിരുന്നു. എന്നാൽ അതിനു ശേഷം അവർക്ക് അർഹമായ ഒരു പെനാൽറ്റി റഫറി നൽകിയില്ല. ഇതേ തുടർന്ന് വലിയ പ്രതിഷേധം അരങ്ങേറി.
ഇതിനെ തുടർന്ന് ഇസ്താംബൂളിന്റെ പ്രസിഡന്റ് താരങ്ങളോട് മത്സരം ബഹിഷ്കരിക്കാൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് മത്സരത്തിന്റെ 74 മിനിട്ടിൽ ചില താരങ്ങൾ കളിക്കളം വിട്ടു.അതോടെ മത്സരം ഉപേക്ഷിക്കുകയും ചെയ്തു. മത്സരം ബഹിഷ്കരിച്ചതിനെതിരെ പ്രതിഷേധവുമായി എതിർ ടീം മാനേജ്മെന്റ് രംഗത്ത് വന്നിട്ടുണ്ട്.
തുർക്കിഷ് ലീഗിൽ കഴിഞ്ഞ ആഴ്ച ഒരു വിവാദ സംഭവം നടന്നിരുന്നു. അവിടുത്തെ ക്ലബ്ബായ അങ്കരാഗുക്കുവിന്റെ പ്രസിഡന്റ് റഫറിയെ ഇടിച്ചു വീഴ്ത്തുകയായിരുന്നു.ഇത് വലിയ വിവാദമായി. പ്രസിഡണ്ടിനെ ശിക്ഷ ലഭിച്ചു.അതേത്തുടർന്ന് ഒരു ആഴ്ചത്തേക്ക് ലീഗ് നിർത്തിവച്ചിരുന്നു.അതിനുശേഷം പുനരാരംഭിച്ചതിന് പിന്നാലെയാണ് ഈ വിവാദ സംഭവം നടന്നിട്ടുള്ളത്.ഇന്ത്യൻ സൂപ്പർ ലീഗിൽ എന്നപോലെ റഫറിമാരുടെ അബദ്ധങ്ങൾ തുർക്കിഷ് ലീഗിലും ഒരു തുടർക്കഥയാവുകയാണ്.