കേരള ബ്ലാസ്റ്റേഴ്സിന് ഇന്നലെ തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ഡ്യൂറൻഡ് കപ്പിൽ നടന്ന ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ബംഗളൂരു എഫ്സിയാണ് കേരള ബ്ലാസ്റ്റേഴ്സിന് പരാജയപ്പെടുത്തിയത്.ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു അവരുടെ വിജയം.ജോർഹെ പെരേര ഡയസ് മത്സരത്തിന്റെ അവസാനത്തിൽ നേടിയ ഗോളാണ് അവർക്ക് വിജയം സമ്മാനിച്ചിട്ടുള്ളത്. ഇതോടുകൂടി ഡ്യൂറൻഡ് കപ്പിൽ നിന്നും ബ്ലാസ്റ്റേഴ്സ് പുറത്തായി കഴിഞ്ഞു.
ബംഗളൂരു എഫ്സി സെമിഫൈനലിന് യോഗ്യത നേടി. മോഹൻ ബഗാനും ബംഗളുരുവും തമ്മിലാണ് ഇനി ഏറ്റുമുട്ടുക.കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകർ കടുത്ത നിരാശരാണ്.പുതിയ പരിശീലകൻ വന്നിട്ടും ക്ലബ്ബിനകത്ത് ഒരു മാറ്റവും സംഭവിച്ചിട്ടില്ല എന്ന് തന്നെയാണ് ആരാധകർ പറയുന്നത്.കാരണം ഇന്നലെ വളരെ മോശം പ്രകടനമാണ് ബ്ലാസ്റ്റേഴ്സ് നടത്തിയത്.ബംഗളൂരുവിന് കാര്യമായ വെല്ലുവിളികൾ സൃഷ്ടിക്കാൻ ക്ലബ്ബിന് കഴിഞ്ഞില്ല എന്നത് ഒരു വാസ്തവമാണ്.
ഇക്കാര്യത്തിൽ വലിയ പ്രതിഷേധങ്ങളാണ് ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ഭാഗത്ത് നിന്നുയരുന്നത്. പ്രത്യേകിച്ച് ട്വിറ്ററിൽ ക്ലബ്ബ് മാനേജ്മെന്റിനെതിരെ ആരാധകർ ശബ്ദമുയർത്തി തുടങ്ങി. ഇതിനിടെ മറ്റൊരു ആരാധകന്റെ നിരീക്ഷണം ശ്രദ്ധേയമാകുന്നുണ്ട്. ഇന്നത്തെ മത്സരത്തിൽ പരാജയപ്പെട്ടെങ്കിലും രണ്ടു പേരുടെ പ്രകടനം എടുത്തു പറയേണ്ടതുണ്ട്. പ്രതിരോധനിരയിൽ ഉണ്ടായിരുന്ന മിലോസ് ഡ്രിൻസിച്ച്,പ്രീതം കോട്ടാൽ എന്നിവർ മികച്ച പ്രകടനം നടത്തി എന്നാണ് ഈ ആരാധകന്റെ നിരീക്ഷണം. ഈ പരാജയത്തിനിടയിലും അവരെ അഭിനന്ദിക്കേണ്ടതുണ്ടെന്നും ഇദ്ദേഹം പറയുന്നുണ്ട്.
രണ്ട് താരങ്ങളും ഇല്ലായിരുന്നുവെങ്കിൽ കേരള ബ്ലാസ്റ്റേഴ്സ് കൂടുതൽ ഗോളുകൾ വഴങ്ങാൻ സാധ്യതയുണ്ടായിരുന്നു എന്നതാണ് പറയുന്നത്.പ്രീതം കോട്ടാൽ മികച്ച പ്രകടനം മത്സരത്തിൽ നടത്തിയിട്ടുണ്ട്. അതുപോലെതന്നെ ഡ്രിൻസിച്ചിനും പിടിപ്പത് പണിയുണ്ടായിരുന്നു. എന്തെന്നാൽ ബംഗളൂരു എഫ് സി പലപ്പോഴും അറ്റാക്കിങ് നടത്തിയിരുന്നു.
ബ്ലാസ്റ്റേഴ്സിന്റെ മധ്യനിര വൻ തോൽവിയാണ് എന്ന് പറയാതിരിക്കാൻ വയ്യ. ക്രിയേറ്റീവ് ആയ മുന്നേറ്റങ്ങൾ ഒന്നും തന്നെ അവിടെ നിന്ന് വരുന്നില്ല. മധ്യനിരയിൽ കളി പിടിക്കാൻ കഴിയാത്തത് തന്നെയാണ് ക്ലബ്ബിന്റെ ഏറ്റവും വലിയ പരാജയം. അതേസമയം ബംഗളൂരു മധ്യനിരയിൽ നല്ല രൂപത്തിൽ കാര്യങ്ങളെ നിയന്ത്രിച്ചു.സഹൽ,ജീക്സൺ തുടങ്ങിയ താരങ്ങളെ വിറ്റഴിച്ചതിന്റെ വില ഇപ്പോൾ മനസ്സിലാകുന്നുണ്ടോ എന്നാണ് ആരാധകർ മാനേജ്മെന്റിനോട് ചോദിക്കുന്നത്. ഏതായാലും വലിയ പ്രതീക്ഷകൾ ഒന്നും ഇത്തവണ വെക്കേണ്ടതില്ലെന്ന് ആരാധകർ അവകാശപ്പെടുന്നുണ്ട്.