പ്രീ സീസണിനിടെ രണ്ട് താരങ്ങൾക്ക് പരിക്കേറ്റു, സ്ഥിരീകരിച്ച് കേരള ബ്ലാസ്റ്റേഴ്സ്!
കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഡ്യൂറന്റ് കപ്പിലെ ആദ്യ മത്സരത്തിനു വേണ്ടി ഇറങ്ങുകയാണ്.ഈ സീസണിലെ ആദ്യത്തെ ഒഫീഷ്യൽ മത്സരമാണ് ഇപ്പോൾ ബ്ലാസ്റ്റേഴ്സിനെ കാത്തിരിക്കുന്നത്.കരുത്തരായ മുംബൈ സിറ്റിയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.മുംബൈയെ പരാജയപ്പെടുത്തുക എന്ന വെല്ലുവിളിയാണ് ആദ്യത്തെ മത്സരത്തിൽ തന്നെ ബ്ലാസ്റ്റേഴ്സിനെ കാത്തിരിക്കുന്നത്.വൈകിട്ട് ഏഴുമണിക്കാണ് മത്സരം നടക്കുക.
കേരള ബ്ലാസ്റ്റേഴ്സിന്റെ സ്‌ക്വാഡ് ഇന്നലെ അവർ പുറത്ത് വിട്ടിരുന്നു. ഭൂരിഭാഗം താരങ്ങളും സ്‌ക്വാഡിൽ ഇടം കണ്ടെത്തിയിട്ടുണ്ട്.പരിക്കിന്റെ പിടിയിലായിരുന്ന സച്ചിൻ സുരേഷ് ഇപ്പോൾ തിരികെ എത്തിയിട്ടുണ്ട്.അതേസമയം പ്രബീർ ദാസ് സ്‌ക്വാഡിൽ ഇല്ല.വ്യക്തിപരമായ കാരണങ്ങളാൽ അദ്ദേഹം നാട്ടിലാണ് ഉള്ളത്. പുതിയ താരങ്ങളായ അലക്സാൻഡ്രെ കോയെഫ്,ലാൽതൻമാവിയ എന്നിവരൊക്കെ ഈ ടീമിൽ തങ്ങളുടെ സ്ഥാനങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
ഈ ടീം പ്രഖ്യാപനത്തോടൊപ്പം താരങ്ങളുമായി ബന്ധപ്പെട്ട ചില വിവരങ്ങളും കേരള ബ്ലാസ്റ്റേഴ്സ് നൽകിയിട്ടുണ്ട്. അതായത് തായ്‌ലാൻഡിലെ പ്രീ സീസണിനിടയിൽ 2 താരങ്ങൾക്ക് പരിക്കേറ്റിട്ടുണ്ട്. ചെറിയ രൂപത്തിലുള്ള പ്രഹരമേൽക്കുകയാണ് ചെയ്തത് എന്നാണ് ബ്ലാസ്റ്റേഴ്സ് അറിയിച്ചിട്ടുള്ളത്. വിദേശ താരം ജോഷുവ സോറ്റിരിയോയാണ് അതിലൊരു താരം.നേരത്തെ മാധ്യമങ്ങൾ ഇദ്ദേഹത്തിന്റെ പരിക്ക് റിപ്പോർട്ട് ചെയ്തിരുന്നു. പരിക്കേറ്റതോടുകൂടി റിഹാബിലിറ്റേഷന് വേണ്ടി അദ്ദേഹം നേരത്തെ ബ്ലാസ്റ്റേഴ്സ് ക്യാമ്പ് വിടുകയും കൊൽക്കത്തയിൽ തിരിച്ചെത്തുകയും ചെയ്തിരുന്നു.
മറ്റൊരു താരം മലയാളി താരമായ വിപിൻ മോഹനനാണ്. അദ്ദേഹത്തിന്റെ പരിക്ക് സാരമുള്ളതല്ല.പക്ഷേ ഈ രണ്ടു താരങ്ങളും ടീമിനോടൊപ്പം റിഹാബിലിറ്റേഷൻ തുടരുകയാണ്.ഇന്ന് നടക്കുന്ന മത്സരത്തിൽ ഇവർ ഉണ്ടാവില്ല എന്നത് ഉറപ്പായി കഴിഞ്ഞ കാര്യമാണ്.എന്ന് തിരിച്ചെത്തും എന്നുള്ളത് കേരള ബ്ലാസ്റ്റേഴ്സ് വ്യക്തമാക്കിയിട്ടില്ല. ഏതായാലും ഐഎസ്എൽ ആരംഭിക്കുന്നതിനു മുന്നേ തന്നെ താരങ്ങൾ കളിക്കളത്തിലേക്ക് തിരിച്ചെത്തും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.ഇതിൽ സോറ്റിരിയോയുടെ കാര്യത്തിൽ ഇപ്പോഴും അവ്യക്തതകൾ തുടരുകയാണ്.
അദ്ദേഹം ക്ലബ്ബിനോടൊപ്പം തുടരുമോ എന്ന കാര്യത്തിൽ സ്ഥിരീകരണങ്ങൾ ഒന്നും ലഭിച്ചിട്ടില്ല.താരത്തിന്റെ കോൺട്രാക്ട് റദ്ദാക്കാൻ ബ്ലാസ്റ്റേഴ്സിന് പ്ലാനുകൾ ഉണ്ട് എന്നുള്ള റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.സോറ്റിരിയോ ക്ലബ്ബ് വിടുകയാണെങ്കിൽ മറ്റേതെങ്കിലും വിദേശ താരത്തെ കൊണ്ടുവരാൻ ബ്ലാസ്റ്റേഴ്സ് ശ്രമിച്ചേക്കും.