ലയണൽ മെസ്സി,ക്രിസ്റ്റ്യാനോ റൊണാൾഡോ, നെയ്മർ ജൂനിയർ എന്നീ താരങ്ങൾ ഇല്ലാതെയാണ് ഇത്തവണത്തെ യുവേഫ ചാമ്പ്യൻസ് ലീഗ് നടക്കുക. ഈ മൂന്ന് താരങ്ങളും യൂറോപ്പ് വിട്ടിട്ടുണ്ട്. മെസ്സി അമേരിക്കയിലേക്കാണ് പോയതെങ്കിൽ ക്രിസ്റ്റ്യാനോ, നെയ്മർ എന്നിവർ ഉള്ളത് സൗദി അറേബ്യയിലാണ്.എന്നാൽ നെയ്മറും റൊണാൾഡോയും ചാമ്പ്യൻസ് ലീഗിലേക്ക് തിരിച്ചെത്തും എന്ന റൂമറുകൾ ഉണ്ടായിരുന്നു.
സൗദി അറേബ്യയിലെ പ്രമുഖ ക്ലബ്ബുകൾ ചാമ്പ്യൻസ് ലീഗിൽ പങ്കെടുക്കാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട് എന്നായിരുന്നു വാർത്തകൾ. പക്ഷേ ഇതിപ്പോൾ മുളയിലെ നുള്ളി കളഞ്ഞിരിക്കുകയാണ് യുവേഫയുടെ പ്രസിഡന്റായ സെഫറിൻ. യൂറോപ്പിന് പുറത്തുനിന്നുള്ള ഒരു ടീമും ചാമ്പ്യൻസ് ലീഗിൽ പങ്കെടുക്കില്ല എന്നാണ് സെഫറിൻ പറഞ്ഞിട്ടുള്ളത്.എൽ എക്കുപ്പെ എന്ന മീഡിയയോടാണ് ഇക്കാര്യം ഇദ്ദേഹം സംസാരിച്ചത്.
ഞങ്ങളോട് പോലും സംസാരിക്കാതെയാണ് മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. ചാമ്പ്യൻസ് ലീഗിലും യൂറോപ ലീഗിലും കോൺഫറൻസ് ലീഗിലും ഒക്കെ യൂറോപ്പിലെ ടീമുകൾക്ക് മാത്രമാണ് പങ്കെടുക്കാൻ കഴിയുക.മറ്റുള്ള ആർക്കും പങ്കെടുക്കാൻ കഴിയില്ല. മാത്രമല്ല യൂറോപ്പ്യൻ ഫെഡറേഷനിൽ ഉള്ളവർക്ക് മാത്രമാണ് ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കാൻ സാധിക്കുക,ഇതാണ് യുവേഫയുടെ പ്രസിഡന്റ് പറഞ്ഞത്.
ചാമ്പ്യൻസ് ലീഗ് ഫൈനലിന് അമേരിക്ക ആതിദേയത്വം വഹിക്കും എന്ന വാർത്തകൾ ഉണ്ടായിരുന്നു.അതാണിപ്പോൾ സെഫറിൻ തള്ളിക്കളഞ്ഞിട്ടുള്ളത്. ഇതോടെ നെയ്മറും റൊണാൾഡോയും ഒന്നും ചാമ്പ്യൻസ് ലീഗ് കളിക്കില്ല എന്നത് ഉറപ്പായി കഴിഞ്ഞു.AFC ചാമ്പ്യൻസ് ലീഗിലാണ് ഇവരെ നമുക്ക് കാണാൻ കഴിയുക.