ലിസാൻഡ്രോക്കൊപ്പം യുണൈറ്റഡിൽ കളിക്കാൻ ഒരു അർജന്റീന താരം കൂടിയെത്തുന്നു.
മാഞ്ചസ്റ്റർ യുണൈറ്റഡ് ഡിഫൻസിലേക്ക് സ്വന്തമാക്കിയ താരമായിരുന്നു ലിസാൻഡ്രോ മാർട്ടിനസ്.ടെൻ ഹാഗിന്റെ പ്രത്യേക താൽപര്യപ്രകാരമായിരുന്നു ഈ അർജന്റൈൻ സൂപ്പർ താരത്തെ അവർ സ്വന്തമാക്കിയിരുന്നത്. തുടക്കത്തിൽ വിമർശനങ്ങൾ കേൾക്കേണ്ടിവന്നെങ്കിലും പിന്നീട് മികച്ച പ്രകടനം നടത്താൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.
ഇപ്പോൾ മറ്റൊരു അർജന്റീന താരത്തെ കൂടി ടീമിലേക്ക് എത്തിക്കാനുള്ള താല്പര്യം ടെൻ ഹാഗ് പ്രകടിപ്പിച്ചു കഴിഞ്ഞു.ലിയോണിന്റെ നിക്കോളാസ് ടാഗ്ലിയാഫിക്കോക്ക് വേണ്ടിയാണ് ഇപ്പോൾ യുണൈറ്റഡ് താല്പര്യം അറിയിച്ചിട്ടുള്ളത്. താരത്തിന്റെ ട്രാൻസ്ഫർ സാധ്യതകളെക്കുറിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് വിളിച്ചുകൊണ്ട് ലിയോണിനോട് ചോദിച്ചിട്ടുണ്ട്.ഫാബ്രിസിയോ റൊമാനോയാണ് ഇത് റിപ്പോർട്ട് ചെയ്തത്.
ലെഫ്റ്റ് ബാക്ക് പൊസിഷനിൽ കളിക്കുന്ന താരമാണ് ഇദ്ദേഹം. യുണൈറ്റഡിന്റെ ആ പൊസിഷനിലെ രണ്ട് താരങ്ങൾക്കും പരിക്കിന്റെ പ്രശ്നങ്ങൾ ഉണ്ട്. അതുകൊണ്ടാണ് പുതിയ താരത്തിനു വേണ്ടിയുള്ള ശ്രമങ്ങൾ അവർ നടത്തുന്നത്. ഒരുപാട് കാലം അയാക്സിന് വേണ്ടി കളിച്ചിരുന്ന ഈ അർജന്റീന താരം കഴിഞ്ഞ വർഷമാണ് ഫ്രഞ്ച് ക്ലബ്ബിലേക്ക് പോയത്.ടെൻ ഹാഗിന്റെ കീഴിൽ ഇദ്ദേഹം അയാക്സിൽ കളിച്ചിട്ടുണ്ട്.
നേരത്തെ ബാഴ്സയുമായി ബന്ധപ്പെട്ട റൂമറുകൾ ഈ താരവുമായി ഉണ്ടായിരുന്നു. പക്ഷേ ബാഴ്സയിലേക്ക് പോകാൻ ടാഗ്ലിയാഫിക്കോക്ക് കഴിഞ്ഞിരുന്നില്ല. യുണൈറ്റഡ്ലേക്ക് എത്താൻ സാധിച്ചാൽ അത് ഈ താരത്തിന് കരിയറിൽ കൂടുതൽ ഉപകാരപ്രദമായിരിക്കും.