ഇന്ന് ഇന്ത്യൻ സൂപ്പർ ലീഗിൽ നടക്കുന്ന മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ ഒഡീഷയാണ്. ഇന്ന് വൈകിട്ട് ഇന്ത്യൻ സമയം 7:30നാണ് ഈയൊരു മത്സരം നടക്കുക.ഒഡീഷയുടെ മൈതാനമായ കലിംഗ സ്റ്റേഡിയത്തിൽ വെച്ചുകൊണ്ടാണ് ഈ മത്സരം അരങ്ങേറുക.ഈ സീസണിലെ രണ്ടാമത്തെ വിജയമാണ് ഇപ്പോൾ ക്ലബ് ലക്ഷ്യം വെക്കുന്നത്.
ഒഡീഷ എപ്പോഴും ക്ലബ്ബിന് പണി തരുന്ന എതിരാളികളാണ്. കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിനെ പുറത്താക്കിയത് ഇവരായിരുന്നു.മാത്രമല്ല കലിംഗയിൽ ഇതുവരെ വിജയിക്കാൻ ക്ലബ്ബിന് കഴിഞ്ഞിട്ടുമില്ല.ലൊബേറക്കെതിരെ ബ്ലാസ്റ്റേഴ്സ് 11 മത്സരങ്ങൾ കളിച്ചപ്പോൾ 9 മത്സരങ്ങളിലും പരാജയം ഏറ്റുവാങ്ങേണ്ടി വരികയായിരുന്നു.
അതുകൊണ്ടുതന്നെ ഇതിനൊക്കെ ഒരു പ്രതികാരം തീർക്കുക എന്ന ലക്ഷ്യത്തോടെ കൂടിയാണ് ബ്ലാസ്റ്റേഴ്സ് ഇന്ന് ഇറങ്ങുന്നത്. ഇക്കാര്യം ബ്ലാസ്റ്റേഴ്സിന്റെ മലയാളി താരമായ വിബിൻ വ്യക്തമാക്കിയിട്ടുണ്ട്. ചരിത്രം തിരുത്തി എഴുതേണ്ടതുണ്ടെന്നും ഇറങ്ങുന്നത് വാശിയോടു കൂടിയാണ് എന്നുമാണ് വിബിൻ പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
‘എല്ലാവർക്കും വാശിയുണ്ട്. കഴിഞ്ഞ സീസണിൽ പ്ലേ ഓഫിൽ ഞങ്ങൾ പരാജയപ്പെട്ടത് ഈ സ്റ്റേഡിയത്തിൽ വെച്ചുകൊണ്ടാണ്.കലിംഗയിൽ ഞങ്ങൾ വിജയിച്ചിട്ടില്ല എന്നൊരു ചരിത്രം കൂടിയുണ്ട്. അതിനാൽ തന്നെ എല്ലാവർക്കും ജയിക്കണമെന്ന് വാശിയുണ്ട്. ചരിത്രം തിരുത്തണമെന്ന് ആഗ്രഹമുണ്ട് ‘ ഇതാണ് വിബിൻ പറഞ്ഞിട്ടുള്ളത്.
സ്റ്റാറേക്കും സംഘത്തിനും അതിന് സാധിക്കുമോ എന്നതാണ് ആരാധകർ ഉറ്റു നോക്കുന്ന കാര്യം.ഒഡീഷ ഈ സീസണിൽ കളിച്ച മൂന്ന് മത്സരങ്ങളിൽ രണ്ടെണ്ണത്തിലും പരാജയപ്പെടുകയായിരുന്നു.എന്നാൽ അവസാനമായി കളിച്ച മത്സരത്തിൽ വിജയം നേടിക്കൊണ്ടാണ് അവർ കടന്നുവരുന്നത്.