വിബിന്റെ പരിശോധന എന്തായി? അടുത്ത മത്സരത്തിൽ കളിക്കുമോ? അപ്ഡേറ്റുകൾ നൽകി ഇവാൻ വുക്മനോവിച്ച്.
കഴിഞ്ഞ ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിൽ ആവേശ വിജയം കരസ്ഥമാക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് സാധിച്ചിരുന്നു. എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് മുംബൈ സിറ്റിയെ പരാജയപ്പെടുത്തിയത്. സൂപ്പർ താരങ്ങളായ പെപ്രയും ദിമിയും മത്സരത്തിന്റെ ആദ്യപകുതിയിൽ തന്നെ പൊളിച്ചടുക്കുകയായിരുന്നു. ഓരോ ഗോളുകളും അസിസ്റ്റുകളും വീതമാണ് രണ്ടു താരങ്ങളും മത്സരത്തിൽ സ്വന്തമാക്കിയത്.
എന്നാൽ ഈ മത്സരത്തിനിടെ കേരള ബ്ലാസ്റ്റേഴ്സിന് ക്ഷീണം ചെയ്ത കാര്യം എന്തെന്നാൽ മധ്യനിരയിലെ മലയാളി സൂപ്പർ താരമായ വിബിൻ മോഹനന് പരിക്കേറ്റു എന്നുള്ളതാണ്. തുടർന്ന് മത്സരത്തിന്റെ 42ആം മിനിറ്റിൽ അദ്ദേഹം കളിക്കളം വിട്ടു. പകരം മുഹമ്മദ് അസ്ഹറായിരുന്നു കളത്തിലേക്ക് എത്തിയിരുന്നത്. മികച്ച പ്രകടനം പുറത്തെടുക്കാൻ അദ്ദേഹത്തിന് സാധിക്കുകയും ചെയ്തു. പക്ഷേ അപ്പോഴും വിബിന്റെ പരിക്ക് ആരാധകർക്ക് ആശങ്കയുള്ളതായിരുന്നു.
താരത്തിന്റെ പരിക്കിന്റെ കാര്യത്തിലെ കൂടുതൽ വിവരങ്ങൾ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകനായ ഇവാൻ വുക്മനോവിച്ച് ഇപ്പോൾ പങ്കുവച്ചിട്ടുണ്ട്.എക്സ് റേ പരിശോധനക്ക് താരത്തെ വിധേയമാക്കി എന്നും പൊട്ടലുകൾ ഒന്നുമില്ല എന്നത് തങ്ങളുടെ ഭാഗ്യമാണെന്നും വുക്മനോവിച്ച് പറഞ്ഞിട്ടുണ്ട്. എന്നാൽ മോഹൻ ബഗാനെതിരെയുള്ള അടുത്ത മത്സരത്തിൽ വിബിൻ ഉണ്ടാവാൻ സാധ്യതയില്ലെന്നും പരിശീലകൻ അറിയിച്ചു.പ്രസ് കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ന് രാവിലെ ക്രഞ്ചസിൽ വെച്ച് ഞാൻ വിബിനെ കണ്ടിരുന്നു.ഇന്നലെ അദ്ദേഹത്തിന് നടക്കാൻ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. ഞങ്ങൾ അദ്ദേഹത്തെ എക്സറേ പരിശോധനയ്ക്ക് വിധേയമാക്കി.ഭാഗ്യമെന്ന് പറയട്ടെ,പൊട്ടലുകൾ ഒന്നുമില്ല.ഇനിയിപ്പോൾ ഞങ്ങൾ ഒന്നോ രണ്ടോ ദിവസം കാത്തിരിക്കണം.പക്ഷേ അദ്ദേഹം മോഹൻ ബഗാനെതിരെ മത്സരത്തിൽ ഉണ്ടാവാൻ സാധ്യതയില്ല.കാരണം ഒരല്പം വേദന ഇപ്പോൾ അദ്ദേഹത്തിന് അനുഭവപ്പെടുന്നുണ്ട്,ഇതാണ് വുക്മനോവിച്ച് പറഞ്ഞിട്ടുള്ളത്.
ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും പ്രധാനപ്പെട്ട താരങ്ങളിൽ ഒരാളാണ് വിബിൻ.സ്റ്റാർട്ടിങ് ഇലവനിലെ സ്ഥിര സാന്നിധ്യമാണ് അദ്ദേഹം. മിഡ്ഫീൽഡ് ജനറൽ എന്ന് വിശേഷിപ്പിക്കാൻ പറ്റുന്ന താരം. അദ്ദേഹത്തെ കൂടി നഷ്ടമായതോടെ മധ്യനിരയിൽ താരങ്ങളുടെ ലഭ്യത വളരെ ഗണ്യമായ രൂപത്തിൽ തന്നെ കുറഞ്ഞിട്ടുണ്ട്. എന്തെന്നാൽ മറ്റു പല താരങ്ങളും ഇപ്പോൾ പരിക്കിന്റെ പിടിയിലാണ്.