കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ ലീഗിൽ നാലു മത്സരങ്ങളാണ് ഇതുവരെ പൂർത്തിയാക്കി കഴിഞ്ഞിട്ടുള്ളത്.എല്ലാ മത്സരങ്ങളിലും മികച്ച പ്രകടനം നടത്തിയ ചില താരങ്ങളുണ്ട്.നോഹ സദോയിയും പ്രീതം കോട്ടാലുമൊക്കെ ആ ഗണത്തിൽ വരുന്നതാണ്. കൂടാതെ മലയാളി താരമായ വിബിൻ മോഹനനെ കൂടി ഈ കാറ്റഗറിയിൽ ഉൾപ്പെടുത്തേണ്ടതുണ്ട്.
ഗംഭീര പ്രകടനമാണ് അദ്ദേഹം മധ്യനിരയിൽ ഇപ്പോൾ പുറത്തെടുക്കുന്നത്. മത്സരത്തിന്റെ കൺട്രോൾ തന്നെ വിബിന്റെ കാലുകളിലാണ് എന്ന് പറയേണ്ടിവരും. അത്രയും സ്ഥിരതയാർന്ന പ്രകടനം അദ്ദേഹം നടത്തുന്നു.മുന്നേറ്റത്തിലും പ്രതിരോധത്തിലും ഒരുപോലെ ടീമിന് കോൺട്രിബ്യൂട്ട് ചെയ്യാൻ അദ്ദേഹത്തിന് സാധിക്കുന്നുണ്ട്.വിബിന്റെ മികവിന് ഉദാഹരണമായിട്ടുള്ള ഒരു കണക്ക് ഒപ്റ്റ ജീവ് പുറത്ത് വിട്ടിട്ടുണ്ട്. അതായത് ഈ സീസണിൽ താരത്തിന്റെ ലോങ്ങ് ബോൾ അക്കുറസി 79.4% ആണ്.
ഈ സീസണിൽ ഏറ്റവും കൂടുതൽ ലോങ്ങ് ബോൾ അക്കുറസിയുള്ള ഇന്ത്യൻ താരമായി മാറാൻ ഇതുവഴി വിബിനു കഴിഞ്ഞിട്ടുണ്ട്. മറ്റേത് താരത്തിനും ഇത്രയധികം കൃത്യത ലോങ്ങ് ബോളുകളിൽ ഇല്ല. അതേസമയം മൊത്തം താരങ്ങളിൽ മൂന്നാം സ്ഥാനത്താണ് ഈ മലയാളി താരം ഉള്ളത്.മൗർതാദ ഫാൾ,ഹ്യൂഗോ ബോമസ് എന്നിവരാണ് ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കിയിട്ടുള്ളത്.86.4% ആണ് ഫാളിന്റെ ലോങ്ങ് ബോൾ അക്കുറസി.85.7% ആണ് ബോമസിന്റെ ലോങ്ങ് ബോൾ കൃത്യത വരുന്നത്. ഇവർക്ക് പുറകിൽ മൂന്നാം സ്ഥാനമാണ് വിബിൻ നേടിയിട്ടുള്ളത്.
ചുരുങ്ങിയത് 20 ലോങ്ങ് ബോളുകൾക്ക് വേണ്ടിയെങ്കിലും ശ്രമം നടത്തിയ താരങ്ങളിൽ നിന്നാണ് അവർ ഇത് പരിഗണിച്ചിട്ടുള്ളത്. ഏതായാലും വിബിൻ എത്രത്തോളം മികച്ച താരമാണ് എന്നുള്ളത് ഈ കണക്കുകൾ തെളിയിക്കുന്നു. വിദേശ താരങ്ങളോട് കിടപിടിക്കുന്ന താരമാണ് വിബിൻ. എന്നിട്ടും അദ്ദേഹം ഇന്ത്യൻ ദേശീയ ടീമിലേക്ക് പരിഗണിക്കപ്പെട്ടിട്ടില്ല എന്നത് ആരാധകർക്ക് നിരാശ നൽകുന്ന കാര്യമാണ്.