ഇവാന് കീഴിൽ ഞാൻ മുമ്പൊരിക്കലും ചെയ്യേണ്ടി വന്നിട്ടില്ലാത്ത കാര്യം ചെയ്യേണ്ടിവന്നു :വിബിൻ മോഹനൻ വ്യക്തമാക്കുന്നു!
കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ഈ സീസണിൽ മികച്ച പ്രകടനം നടത്തുന്ന താരങ്ങളിൽ ഒരാളാണ് വിബിൻ മോഹനൻ.മലയാളി താരമായ ഇദ്ദേഹം ഇപ്പോൾ സ്ഥിരതയാർന്ന പ്രകടനം നടത്തുന്നുണ്ട്. ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുക്മനോവിച്ച് സ്ഥിരമായി സ്റ്റാർട്ടിങ് ഇലവനിൽ ഉപയോഗപ്പെടുത്തുന്ന ഒരു താരം കൂടിയാണ് വിബിൻ. മധ്യനിരയിൽ വളരെ പക്വതയാർന്ന രൂപത്തിലാണ് ഈ യുവതാരം ഇപ്പോൾ കളിക്കുന്നത്.
കഴിഞ്ഞ മോഹൻ ബഗാനെതിരെയുള്ള മത്സരത്തിൽ ഒരു മികച്ച ഗോൾ നേടാൻ ഈ താരത്തിന് കഴിഞ്ഞിരുന്നു. ബ്ലാസ്റ്റേഴ്സിന് വളരെയധികം പ്രതീക്ഷയുള്ള ഒരു താരം കൂടിയാണ് വിബിൻ. മികച്ച പ്രകടനം നടത്തുന്നതുകൊണ്ട് തന്നെ അദ്ദേഹത്തെ ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കും എന്ന പ്രതീക്ഷകൾ ഉണ്ടായിരുന്നു.പക്ഷേ അദ്ദേഹത്തിന് അവസരം ലഭിച്ചിട്ടില്ല. ഇക്കാര്യത്തിൽ ഇന്ത്യൻ ഇതിഹാസമായ ഐഎം വിജയൻ തന്റെ അഭിപ്രായപ്രകടനം നടത്തിയിരുന്നു. അതായത് ഈ മലയാളി താരത്തെ എത്രയും വേഗം ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കണം എന്നായിരുന്നു ആവശ്യം.
ദിവസങ്ങൾക്ക് മുമ്പ് മലയാളത്തിലെ ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നിരവധി കാര്യങ്ങളൊക്കെ കുറിച്ച് അദ്ദേഹം സംസാരിച്ചിരുന്നു. താരത്തിന്റെ പ്ലെയിങ് സ്റ്റൈലിനെ കുറിച്ച് ചോദിച്ചിരുന്നു.തനിക്ക് അങ്ങനെ പ്രത്യേകിച്ച് ഒരു കളി ശൈലി ഇല്ല എന്നാണ് വിബിൻ പറഞ്ഞിട്ടുള്ളത്.എന്നാൽ താൻ മുൻപ് ഒരിക്കലും ചെയ്തിട്ടില്ലാത്ത ഹൈ പ്രെസ്സിങ് തനിക്ക് ഇവാൻ വുക്മനോവിച്ചിന്റെ കീഴിൽ ചെയ്യേണ്ടി വന്നുവെന്നും വിബിൻ പറഞ്ഞിട്ടുണ്ട്.ഇപ്രകാരമാണ് അദ്ദേഹം പറഞ്ഞത്.
ഒരു പ്രത്യേക കളി ശൈലി ഞാൻ പിന്തുടരുന്നില്ല. ഓരോ മത്സരത്തിനും അനുസരിച്ചുള്ള രീതിയിലാണ് ഞാൻ കളിക്കാൻ ശ്രമിക്കാറുള്ളത്. സാഹചര്യത്തിന് അനുസരിച്ച് ഞാൻ അഗ്രസീവ്ലി പ്രസ്സ് ചെയ്യും,അല്ലെങ്കിൽ ലോ ബ്ലോക്ക് അപ്ലൈ ചെയ്യും. പരിശീലകന്റെ ഗെയിം പ്ലാന്റിനെ ആശ്രയിച്ചാണ് അത് നിലകൊള്ളുന്നത്.ഇവാൻ വുക്മനോവിച്ചിന് കീഴിൽ ഞാൻ ഹൈ പ്രസിങ് ഗെയിമാണ് കളിക്കുന്നത്. അത് ഇതിനു മുൻപ് ഞാൻ ചെയ്തിട്ടില്ല ” ഇതാണ് വിബിൻ പറഞ്ഞിട്ടുള്ളത്.
നിലവിൽ ഇന്ത്യയുടെ അണ്ടർ 23 ദേശീയ ടീമിനോടൊപ്പമാണ് ഈ താരം ഉള്ളത്. അധികം വൈകാതെ തന്നെ ഇദ്ദേഹം ഇന്ത്യയുടെ സീനിയർ ടീമിൽ ഇടം നേടുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.ബ്ലാസ്റ്റേഴ്സിന് ഗ്രൂപ്പ് ഘട്ടത്തിൽ 4 മത്സരങ്ങളാണ് ഇനി അവശേഷിക്കുന്നത്.ആ നാല് മത്സരങ്ങളിലും ഈ താരത്തിന്റെ സാന്നിധ്യം ഉണ്ടായേക്കും.