കേരള ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം അതിനിർണായകമായ ഒരു സമയമാണിത്.ഈ സീസണിലും വലിയ ചലനങ്ങൾ ഒന്നും സൃഷ്ടിക്കാൻ ക്ലബ്ബിന് കഴിഞ്ഞിട്ടില്ല.പ്ലേ ഓഫിൽ ഒഡീഷയോട് തോറ്റു കൊണ്ട് ബ്ലാസ്റ്റേഴ്സ് പുറത്താവുകയാണ് ചെയ്തിട്ടുള്ളത്. എന്നാൽ അതിനു ശേഷം ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് എടുത്ത തീരുമാനം ഒരല്പം അപ്രതീക്ഷിതമായിരുന്നു.
കേരള ബ്ലാസ്റ്റേഴ്സ് പരിശീലകനായ ഇവാൻ വുക്മനോവിച്ചുമായി വഴി പിരിയാൻ തീരുമാനിച്ചിരുന്നു. മൂന്ന് സീസൺ ബ്ലാസ്റ്റേഴ്സിനെ പരിശീലിപ്പിച്ച വുക്മനോവിച്ച് ക്ലബ്ബിനോടൊപ്പം ഇല്ല. പരിശീലകൻ പോയത് കൊണ്ട് തന്നെ ക്ലബ്ബിനകത്ത് വലിയ അഴിച്ചുപണികൾ നടക്കാൻ സാധ്യതയുണ്ട് എന്നുള്ള റിപ്പോർട്ടുകൾ പുറത്തേക്ക് വന്നിരുന്നു. കേരള ബ്ലാസ്റ്റേഴ്സിലെ പ്രധാനപ്പെട്ട പല താരങ്ങളും ക്ലബ്ബ് വിടാൻ ആലോചിക്കുന്നുണ്ടെന്ന് പ്രമുഖ മലയാള മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു.
ആ കൂട്ടത്തിൽ ഉള്ള ഒരു താരമാണ് മലയാളി താരമായ വിബിൻ മോഹനൻ.ഈ സീസണിൽ തകർപ്പൻ പ്രകടനമാണ് വിബിൻ നടത്തിയിരുന്നത്. യുവതാരമായ ഇദ്ദേഹം ബ്ലാസ്റ്റേഴ്സ് ഇലവനിൽ സ്ഥിര സാന്നിധ്യമായി മാറുകയായിരുന്നു. എല്ലാവരും വലിയ ഭാവി കൽപ്പിക്കപ്പെടുന്ന താരങ്ങളിൽ ഒരാൾ കൂടിയാണ് വിബിൻ. അതുകൊണ്ടുതന്നെ അദ്ദേഹത്തെ റാഞ്ചാൻ രണ്ട് ക്ലബ്ബുകൾ ഇപ്പോൾ രംഗത്ത് വന്നു കഴിഞ്ഞിട്ടുണ്ട്.
ഒരു ക്ലബ്ബ് ഈസ്റ്റ് ബംഗാൾ ആണ്. അവരുടെ പരിശീലകനായ ക്വാഡ്രെറ്റിന് ഒരു മികച്ച മധ്യനിരതാരത്തെ ആവശ്യമുണ്ട്.ആ സ്ഥാനത്തേക്ക് വിബിനെ അവർ കാര്യമായി പരിഗണിക്കുന്നുണ്ട്. ഒരുപാട് മലയാളി താരങ്ങൾ ഉള്ള ക്ലബ്ബാണ് ഈസ്റ്റ് ബംഗാൾ. മാത്രമല്ല അവരിപ്പോൾ പരിശീലകന് കീഴിൽ മികച്ച നിലയിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. മറ്റൊരു ക്ലബ്ബ് ബംഗളൊരു എഫ്സിയാണ്. ഈ രണ്ട് ക്ലബ്ബുകളും താരത്തിന് ഓഫർ നൽകിയതായാണ് റിപ്പോർട്ടുകൾ.
എന്നാൽ വിബിന്റെ തീരുമാനവും ഇവിടെ പ്രസക്തമാണ്. അദ്ദേഹം കേരള ബ്ലാസ്റ്റേഴ്സ് വിടാൻ താല്പര്യപ്പെടുന്നില്ലെങ്കിൽ പേടിക്കാനൊന്നുമില്ല. ബ്ലാസ്റ്റേഴ്സിന്റെ അക്കാദമിയിലൂടെ വളർന്ന താരമാണ് വിബിൻ. മാത്രമല്ല സ്ഥിരമായി അദ്ദേഹത്തിന് അവസരം ഇവിടെ ലഭിക്കുന്നുമുണ്ട്. അതുകൊണ്ടുതന്നെ വിബിൻ ക്ലബ്ബിനെ ഉപേക്ഷിച്ചു പോവില്ല എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.