മടങ്ങിയത് വീൽചെയറിൽ,വിബിന്റെ പരിക്ക് ഗുരുതരം?
കേരള ബ്ലാസ്റ്റേഴ്സിന് ഇത് തിരിച്ചടികളുടെ സമയമാണ്.തുടർ തോൽവികളാണ് ഇപ്പോൾ ബ്ലാസ്റ്റേഴ്സിന് ഏറ്റുവാങ്ങേണ്ടി വരുന്നത്. അവസാനമായി കളിച്ച ആറുമത്സരങ്ങളിൽ അഞ്ചിലും ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്. അതുകൊണ്ടുതന്നെ പ്ലേ ഓഫ് സാധ്യതകൾ ഇപ്പോൾ തുലാസിലാണ്.പ്ലേ ഓഫിന് യോഗ്യത നേടണമെങ്കിൽ ശക്തമായ ഒരു തിരിച്ചുവരവ് ബ്ലാസ്റ്റേഴ്സ് നടത്തേണ്ടതുണ്ട്.
കഴിഞ്ഞ മത്സരത്തിൽ ബംഗളൂരു എഫ്സിയോടും ബ്ലാസ്റ്റേഴ്സ് വലിയ തോൽവി ഏറ്റുവാങ്ങി. ആ മത്സരത്തിന്റെ ആദ്യപകുതിയിൽ തന്നെ മലയാളി സൂപ്പർ താരമായ വിബിൻ മോഹനന് പരിക്കേറ്റിരുന്നു.അദ്ദേഹത്തിന്റെ പരിക്കിലെ കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്തേക്ക് വരുന്നുണ്ട്. അതായത് ബംഗളൂരുവിൽ നിന്നും അദ്ദേഹം തിരികെ കൊച്ചിയിലെത്തിയത് വീൽചെയറിലാണ് എന്നാണ് റിപ്പോർട്ടുകൾ.അതായത് നടക്കാൻ പോലും താരത്തിന് ബുദ്ധിമുട്ടുണ്ട് എന്നാണ് അറിയാൻ സാധിക്കുന്നത്.
താരത്തിന്റെ പരിക്ക് ഒരല്പം ഗുരുതരമാണ് എന്നാണ് അറിയാൻ കഴിയുന്ന കാര്യം.പക്ഷേ ഇക്കാര്യത്തിൽ ഒഫീഷ്യൽ സ്ഥിരീകരണങ്ങൾ ഒന്നും വന്നിട്ടില്ല.MRI സ്‌കാനിങ്ങിന് ശേഷം കേരള ബ്ലാസ്റ്റേഴ്സ് മെഡിക്കൽ റിപ്പോർട്ട് പുറത്തുവിടും എന്നാണ് പ്രതീക്ഷിക്കുന്നത്. ഏതായാലും വിബിൻ കുറച്ചുകാലം പുറത്തിരിക്കേണ്ടി വന്നേക്കും.
മധ്യനിരയിൽ മോശമല്ലാത്ത പ്രകടനം നടത്തുന്ന താരമാണ് വിബിൻ. അദ്ദേഹത്തിന്റെ അഭാവം തീർച്ചയായും ബ്ലാസ്റ്റേഴ്സിന് തിരിച്ചടി തന്നെയായിരിക്കും. താരത്തിന് മികച്ച ബാക്കപ്പുകൾ ഇല്ല എന്നതും ആശങ്കപ്പെടുത്തുന്ന കാര്യമാണ്. കഴിഞ്ഞ മത്സരത്തിൽ ഡാനിസ് ഫാറൂഖായിരുന്നു അദ്ദേഹത്തിന്റെ പകരം ഇറങ്ങിയിരുന്നത്. ഏതായാലും അടുത്ത മത്സരത്തിൽ വിബിൻ കളിക്കാനുള്ള സാധ്യതകൾ തീരെയില്ല.