കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി സമീപകാലത്ത് സ്ഥിരതയാർന്ന പ്രകടനം പുറത്തെടുക്കുന്ന ഇന്ത്യൻ സൂപ്പർ താരമാണ് വിബിൻ മോഹനൻ.ഈ സീസണിലും കാര്യങ്ങൾക്ക് മാറ്റമില്ല. ബ്ലാസ്റ്റേഴ്സിന്റെ മധ്യനിരയിലെ പ്രധാനഘടകം ഇപ്പോൾ വിബിൻ തന്നെയാണ്.ഈ ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ ഏറ്റവും കൂടുതൽ ലോങ്ങ് പാസ് അക്കുറസിയുള്ള ഇന്ത്യൻ താരം വിബിൻ മോഹനനാണ്.രണ്ട് വിദേശ താരങ്ങൾക്ക് മാത്രമാണ് അദ്ദേഹത്തെ മറികടക്കാൻ കഴിഞ്ഞിട്ടുള്ളത്.
മാത്രമല്ല ഈ ലീഗിൽ ഏറ്റവും കൂടുതൽ ഇന്റർസെപ്ഷനുകൾ ഉള്ള താരങ്ങളുടെ പട്ടിക എടുത്താലും നമുക്ക് ഈ മലയാളി താരത്തെ കാണാൻ കഴിയും. അതായത് പ്രതിരോധത്തിലും ആക്രമണത്തിലും ഒരുപോലെ ടീമിന് കോൺട്രിബ്യൂട്ട് ചെയ്യാൻ വിബിനു കഴിയുന്നു എന്നുള്ളതാണ് അദ്ദേഹത്തിന്റെ പ്രത്യേകത. മത്സരത്തിന്റെ കൺട്രോൾ തന്നെ അദ്ദേഹത്തിന്റെ കൈവശമാണോ എന്ന് തോന്നിപ്പോകുന്ന മത്സരങ്ങളും ഉണ്ടായിട്ടുണ്ട്.
താരത്തെ വാനോളം പ്രശംസിച്ചുകൊണ്ട് പരിശീലകനായ സ്റ്റാറേ രംഗത്ത് വന്നിട്ടുണ്ട്. വലിയ ഭാവിയുള്ള ഒരു താരമാണ് വിബിൻ എന്നാണ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.ഇന്ത്യൻ എക്സ്പ്രസ്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.സ്റ്റാറേയുടെ വാക്കുകൾ ഇങ്ങനെയാണ്.
‘ഞാൻ നിർബന്ധമായും പറഞ്ഞിരിക്കേണ്ട ഒരു കാര്യമുണ്ട്.വിബിൻ ഒരു ടോപ് ടാലന്റാണ്. ഇന്ത്യയിലെ വലിയ ഭാവിയുള്ള പ്രതിഭകളിൽ ഒരാളാണ് വിബിൻ. വലിയ ഒരു ഫ്യൂച്ചർ തന്നെ അദ്ദേഹത്തെ കാത്തു കിടപ്പുണ്ട് ‘ഇതാണ് ബ്ലാസ്റ്റേഴ്സിന്‍റെ മുഖ്യ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
സമീപകാലത്ത് സ്ഥിരതയാർന്ന പ്രകടനം നടത്തിയിട്ടും ഇന്ത്യൻ പരിശീലകനായ മനോളോ മാർക്കെസ് ഈ താരത്തെ ഇന്ത്യൻ ദേശീയ ടീമിലേക്ക് പരിഗണിച്ചിട്ടില്ല.അക്കാര്യത്തിൽ ആരാധകർക്ക് കടുത്ത എതിർപ്പുണ്ട്. എന്നാൽ അധികം വൈകാതെ തന്നെ ഇന്ത്യൻ ദേശീയ ടീമിൽ വിബിൻ ഇടം നേടും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.