കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിൽ ഭേദപ്പെട്ട തുടക്കം മാത്രമാണ് ഉണ്ടാക്കിയെടുത്തിട്ടുള്ളത്. നാല് മത്സരങ്ങൾ കളിച്ചപ്പോൾ ഒരു വിജയം മാത്രമാണ് നേടാൻ കഴിഞ്ഞിട്ടുള്ളത്. ഒരു മത്സരത്തിൽ തോൽവിയും രണ്ടു മത്സരങ്ങളിൽ സമനിലയും വഴങ്ങേണ്ടി വന്നു.എന്നാൽ ആശ്വാസം നൽകുന്ന ഘടകം എന്തെന്നാൽ ബ്ലാസ്റ്റേഴ്സിന്റെ പ്രകടനം മികച്ചതാണ് എന്നാണ്.അവസാനത്തെ രണ്ട് മത്സരങ്ങളിലും വിജയിക്കാൻ ബ്ലാസ്റ്റേഴ്സിന് സാധിക്കുമായിരുന്നു.
ബ്ലാസ്റ്റേഴ്സിന്റെ മധ്യനിരയിൽ സ്ഥിരതയാർന്ന പ്രകടനം പുറത്തെടുക്കുന്ന മലയാളി സൂപ്പർ താരമാണ് വിബിൻ മോഹനൻ. സെൻട്രൽ മിഡ്‌ഫീൽഡർ പൊസിഷനിൽ കളിക്കുന്ന താരം മുന്നേറ്റ നിരയെയും പ്രതിരോധനിരയെയും ഒരുപോലെ സഹായിക്കുന്നുണ്ട്. ബ്ലാസ്റ്റേഴ്സിന്റെ കളിയുടെ നിയന്ത്രണം പലപ്പോഴും ഈ താരത്തിന്റെ കാലുകളിലാണോ എന്ന് പോലും തോന്നിപ്പോകാറുണ്ട്. അത്രയും മികച്ച രൂപത്തിൽ നിറഞ്ഞു കളിക്കുന്ന ഒരു താരമാണ് വിബിൻ.
വിബിൻ ഇഷ്ടപ്പെടുന്ന താരം ആരാണ്? ആരെയാണ് മാതൃകയാക്കാറുള്ളത്? ഏതൊക്കെ മത്സരങ്ങളാണ് കാണാറുള്ളത് എന്നൊക്കെ പുതിയ അഭിമുഖത്തിൽ ഇദ്ദേഹത്തോട് ചോദിക്കപ്പെട്ടിരുന്നു. എന്നാൽ ഒരു കൃത്യമായ ഐഡോൾ ഇല്ല എന്ന് ഈ മലയാളി താരം പറഞ്ഞിട്ടുണ്ട്. പ്രീമിയർ ലീഗ് മത്സരങ്ങളും മാഡ്രിഡ് ഡെർബിയുമുൾപ്പടെയുള്ള പ്രധാനപ്പെട്ട മത്സരങ്ങളാണ് താൻ വീക്ഷിക്കാറുള്ളത് എന്നും വിബിൻ പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്
‘ഞാൻ പ്രീമിയർ ലീഗും മാഡ്രിഡ് ഡെർബിയും മറ്റ് പ്രധാന മത്സരങ്ങളും കാണും. സ്വാഭാവികമായും, സെൻട്രൽ മിഡ്ഫീൽഡർമാരുടെ നീക്കങ്ങൾ ഞാൻ മനസിലാക്കും. പക്ഷേ ഞാൻ പിന്തുടരുന്ന പ്രിയപ്പെട്ടതോ അല്ലെങ്കിൽ പ്രത്യേകമായതോ ആയ ഒരു കളിക്കാരനില്ല. എല്ലാ മികച്ച സെൻട്രൽ മിഡ്ഫീൽഡർമാരിൽ നിന്നും പഠിക്കാൻ ഞാൻ ശ്രമിക്കും ‘ഇതാണ് വിബിൻ പറഞ്ഞിട്ടുള്ളത്.
സമീപകാലത്ത് പരിക്ക് ഏറെ അലട്ടിയിട്ടുള്ള താരമാണ് വിബിൻ. അതുകൊണ്ടുതന്നെ തായ്‌ലാൻഡിലെ പ്രീ സീസൺ അദ്ദേഹത്തിന് നഷ്ടമായിരുന്നു.കൂടാതെ ഡ്യൂറൻഡ് കപ്പിലും അദ്ദേഹം കളിച്ചിരുന്നില്ല.എന്നാൽ ഐഎസ്എല്ലിൽ അദ്ദേഹം മടങ്ങി എത്തുകയായിരുന്നു. തുടർന്ന് മികച്ച പ്രകടനം നടത്തി ഏവരുടെയും പ്രശംസകൾ അദ്ദേഹം പിടിച്ചു പറ്റുകയായിരുന്നു.