151 മത്സരങ്ങൾക്കിടെ ഇതാദ്യം,വുക്മനോവിച്ച് ചെയ്തത് മണ്ടത്തരമായോ?എവിടെയാണ് പിഴച്ചത്?
കേരള ബ്ലാസ്റ്റേഴ്സ് ഇന്നലെ നടന്ന മത്സരത്തിൽ സമനില വഴങ്ങുകയാണ് ചെയ്തത്. കൊച്ചിയിലെ ആരാധക കൂട്ടത്തിനു മുന്നിൽ വച്ച് നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സും ചെന്നൈയിൻ എഫ്സിയും 3 ഗോളുകൾ വീതമാണ് നേടിയത്. യഥാർത്ഥത്തിൽ വിജയം അർഹിച്ച ഒരു മത്സരമായിരുന്നു ഇത്. നിർഭാഗ്യവും പിഴവുകളും കേരള ബ്ലാസ്റ്റേഴ്സിന് വില്ലനായി എന്ന് തന്നെ പറയേണ്ടിവരും.
കേരള ബ്ലാസ്റ്റേഴ്സിന്റെ സ്റ്റാർട്ടിങ് ഇലവനിൽ പരിശീലകനായ വുക്മനോവിച്ച് ചില പരീക്ഷണങ്ങൾ നടത്തിയിരുന്നു. നിർണായകമായ മാറ്റങ്ങളായിരുന്നു അദ്ദേഹം വരുത്തിയിരുന്നത്. റൈറ്റ് ബാക്ക് പൊസിഷനിലേക്ക് പ്രഭീർ ദാസ് മടങ്ങിയെത്തി. സെന്റർ ബാക്ക് പൊസിഷനിൽ ഹോർമിയും ഡ്രിൻസിച്ചുമാണ് ഉണ്ടായിരുന്നത്. അതായത് സൂപ്പർ താരം പ്രീതം കോട്ടാലിന് സ്റ്റാർട്ടിങ് ഇലവനിൽ ഇടം ഉണ്ടായിരുന്നില്ല.അദ്ദേഹത്തെ പരിശീലകൻ പുറത്തിരുത്തുകയായിരുന്നു.
ഇന്ത്യൻ സൂപ്പർ ലീഗിൽ ആകെ 151 മത്സരങ്ങൾ കളിച്ചിട്ടുള്ള താരമാണ് കോട്ടാൽ.ആ 151 മത്സരങ്ങളിലും അദ്ദേഹം സ്റ്റാർട്ട് ചെയ്യുകയാണ് ചെയ്തിട്ടുള്ളത്.കഴിഞ്ഞ അഞ്ചു വർഷത്തിനിടെ എല്ലാ മത്സരങ്ങളിലും ആദ്യ ഇലവനിൽ ഇടം നേടിയിട്ടുള്ള പരിചയസമ്പത്തുള്ള പ്രീതം കോട്ടാലിനെ പരീക്ഷണാടിസ്ഥാനത്തിൽ വുക്മനോവിച്ച് പുറത്തിരുത്തുകയായിരുന്നു. ഇത് വലിയ മണ്ടത്തരമായി എന്ന് തന്നെ പറയേണ്ടി വരും.
അതിന് തെളിവാണ് കേരള ബ്ലാസ്റ്റേഴ്സ് ആദ്യ പകുതിയിൽ തന്നെ വഴങ്ങിയ മൂന്നു ഗോളുകൾ.കോട്ടാൽ ഉണ്ടായിരുന്നുവെങ്കിൽ അത്രയും ഗോളുകൾ വഴങ്ങേണ്ടി വരുമായിരുന്നില്ല എന്ന് വിശ്വസിക്കുന്നവരാണ് ബ്ലാസ്റ്റേഴ്സ് ആരാധകർ.വഴങ്ങിയ മൂന്നു ഗോളുകളും പ്രതിരോധത്തിന്റെ പിഴവ് തന്നെയായിരുന്നു.അല്ലാതെ അവരുടെ വ്യക്തിഗത മികവുകൾ എടുത്തു പറയാനില്ല. മറിച്ച് ഡിഫൻസിലെ പ്രശ്നങ്ങൾ അവർക്ക് അവസരങ്ങൾ ഒരുക്കി നൽകുകയായിരുന്നു.കോട്ടാൽ സ്റ്റാർട്ട് ചെയ്തിരുന്നുവെങ്കിൽ ഒരു പരിധിവരെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്ക് ഒഴിവാക്കാൻ സാധിക്കുമായിരുന്നു.
രണ്ടാം പകുതിയിലാണ് പിന്നീട് കോട്ടാൽ റൈറ്റ് ബാക്ക് പൊസിഷനിലേക്ക് പകരക്കാരനായി കൊണ്ടുവന്നത്.രണ്ടാം പകുതിയിൽ കേരള ബ്ലാസ്റ്റേഴ്സ് ഗോളുകൾ ഒന്നും വഴങ്ങിയിട്ടില്ല. ഏതായാലും വുക്മനോവിച്ച് നടത്തിയ പരീക്ഷണം പാളി എന്ന് തന്നെ പറയേണ്ടിവരും. കാരണം കൊച്ചിയിൽ മൂന്ന് ഗോളുകൾ തുടക്കത്തിൽ തന്നെ വഴങ്ങുക എന്നത് വളരെ വലിയ ആഘാതം ഏൽപ്പിക്കുന്ന കാര്യമാണ്. ഒരിക്കലും സംഭവിച്ചു കൂടാനാവാത്ത കാര്യമാണ്. നിർണായകമായ രണ്ട് പോയിന്റുകളാണ് സമനില വഴങ്ങിയതോടെ കേരള ബ്ലാസ്റ്റേഴ്സിന് നഷ്ടമായത്.