സൂപ്പർ കപ്പിൽ നാണംകെട്ട് തോറ്റ്,എന്നിട്ടും താൻ ഹാപ്പിയാണെന്ന് പറഞ്ഞ് വുക്മനോവിച്ച്, ഇതിന്റെ കാരണമെന്ത്?
ഇന്നലെ സൂപ്പർ കപ്പിൽ നടന്ന ഗ്രൂപ്പിലെ അവസാന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് വലിയ ഒരു തോൽവി ഏറ്റുവാങ്ങിയിരുന്നു. ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് കേരള ബ്ലാസ്റ്റേഴ്സ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്നോട് പരാജയപ്പെട്ടത്.ഇത്രയും വലിയ തോൽവി സമീപകാലത്തൊന്നും കേരള ബ്ലാസ്റ്റേഴ്സിന് വഴങ്ങേണ്ടി വന്നിട്ടില്ല. പ്രത്യേകിച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്നോട് അവസാനമായി കളിച്ച ആറുമത്സരങ്ങളിലും പരാജയപ്പെടാത്ത കേരള ബ്ലാസ്റ്റേഴ്സാണ് ഇത്രയും വലിയ തോൽവി വഴങ്ങിയിരിക്കുന്നത്.
മത്സരത്തിന്റെ ആദ്യ പകുതിയിൽ കേരള ബ്ലാസ്റ്റേഴ്സ് ഒരു ഗോളിന് പിറകിലായിരുന്നു.എന്നാൽ രണ്ടാം പകുതിയിലാണ് കാര്യങ്ങൾ വഷളായത്.മൂന്ന് ഗോളുകൾ വഴങ്ങേണ്ടി വരികയായിരുന്നു.കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ആശ്വാസഗോൾ നേടിയത് ദിമിത്രിയോസാണ്. ഈ തോൽവി ആരാധകരെ ആശങ്കപ്പെടുത്തുന്ന കാര്യമാണ്. തുടർച്ചയായ രണ്ടു മത്സരങ്ങളിൽ ഇപ്പോൾ ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടു കഴിഞ്ഞു.
കലിംഗ സൂപ്പർ കപ്പിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ ദയനീയമായ പ്രകടനത്തെക്കുറിച്ച് മത്സരശേഷം പരിശീലകനായ ഇവാൻ വുക്മനോവിച്ചിനോട് ചോദിക്കപ്പെട്ടിരുന്നു. പക്ഷേ സൂപ്പർ കപ്പിന്റെ കാര്യത്തിൽ താൻ ഹാപ്പിയാണ് എന്നാണ് വുക്മനോവിച്ച് പറഞ്ഞിട്ടുള്ളത്.അതിന്റെ കാരണങ്ങളും അദ്ദേഹം നിരത്തിയിട്ടുണ്ട്.
അതായത് തങ്ങൾക്ക് പരിക്കുകൾ ഒന്നും പറ്റിയില്ല എന്ന കാര്യത്തിൽ ഹാപ്പിയാണ് എന്നാണ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.മാത്രമല്ല യുവ താരങ്ങൾക്ക് പ്ലെയിങ് ടൈം ലഭിച്ചു,ചില നല്ല മത്സരങ്ങൾ ഇവിടെ ആസ്വദിക്കാൻ കഴിഞ്ഞു, ഇക്കാര്യത്തിൽ ഒക്കെ താൻ ഹാപ്പിയാണ് എന്നാണ് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ പറഞ്ഞിട്ടുള്ളത്. അതായത് സൂപ്പർ കപ്പിന് വേണ്ടത്ര പ്രാധാന്യം പരിശീലകൻ നൽകിയിട്ടില്ല.മറിച്ച് ഇന്ത്യൻ സൂപ്പർ ലീഗിന് തന്നെയാണ് പ്രാധാന്യം നൽകുന്നത് എന്നാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്.
പക്ഷേ ആരാധകർ അത്ര ഹാപ്പിയല്ല. ക്ലബ്ബിന്റെ ചരിത്രത്തിൽ ഇതുവരെ കിരീടങ്ങൾ ഒന്നും നേടാൻ കഴിഞ്ഞിട്ടില്ലാത്തതിനാൽ സൂപ്പർ കപ്പിന് ഗൗരവമായി കൊണ്ട് തന്നെ പരിഗണിക്കണമായിരുന്നു എന്നാണ് കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ആവശ്യം. പക്ഷേ ആദ്യ മത്സരത്തിൽ വിജയിച്ച ബ്ലാസ്റ്റേഴ്സ് പിന്നീട് കളി മറക്കുന്നത് ആയിരുന്നു നമ്മൾ എല്ലാവരും കണ്ടത്.