കേരള ബ്ലാസ്റ്റേഴ്സ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഹൈദരാബാദ് എഫ്സിയെ തോൽപ്പിച്ചിരുന്നു.ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന്റെ വിജയം.യുവതാരങ്ങളായിരുന്നു മത്സരത്തിൽ തിളങ്ങിയിരുന്നത്. മുഹമ്മദ് ഐമൻ മത്സരത്തിൽ ഒരു ഗോളും ഒരു അസിസ്റ്റും നേടിയിരുന്നു. നിഹാൽ സുധീഷ് ബ്ലാസ്റ്റേഴ്സിന് വേണ്ടി ഗോൾ കണ്ടെത്തി.ഐമന്റെ ഇരട്ട സഹോദരനായ അസ്ഹറും മത്സരത്തിൽ കിടിലൻ പ്രകടനമാണ് പുറത്തെടുത്തിട്ടുള്ളത്.
കേരള ബ്ലാസ്റ്റേഴ്സിന്റെ ഇപ്പോഴത്തെ ഏറ്റവും വലിയ ശക്തി അക്കാദമി തന്നെയാണ്. അക്കാദമിയിൽ നിന്നും ഒരുപാട് മികച്ച താരങ്ങളെ സീനിയർ ടീമിലേക്ക് കൊണ്ടുവരാനും അവരെ ഉപയോഗപ്പെടുത്താനും ഇപ്പോൾ പരിശീലകന് കഴിയുന്നുണ്ട്.ഐമൻ,അസ്ഹർ,നിഹാൽ സുധീഷ്,വിബിൻ,സച്ചിൻ,അരിത്ര ദാസ് തുടങ്ങിയ ഒരുപാട് മികച്ച താരങ്ങൾ കേരള ബ്ലാസ്റ്റേഴ്സിന്റെ അക്കാദമിയിലൂടെ വന്നവരാണ്. ഇത്തരം താരങ്ങൾ പല ഘട്ടങ്ങളിലും കേരള ബ്ലാസ്റ്റേഴ്സിനും പരിശീലകൻ വുക്മനോവിച്ചിനും സഹായകരമായിട്ടുണ്ട്.
പ്രത്യേകിച്ച് പരിക്കുകൾ കാരണം പല താരങ്ങളെയും നഷ്ടമായപ്പോൾ ടീമിന്റെ ബാലൻസ് നിലനിർത്താൻ സഹായിച്ചത് ഇത്തരം താരങ്ങളാണ്.ഇതേ കുറിച്ച് വുക്മനോവിച്ച് തന്നെ ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്.ഇവരാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാവി എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. ഇതുപോലെയുള്ള താരങ്ങളെ ക്ലബ്ബിൽ നിന്ന് തന്നെ ഉണ്ടാക്കിയെടുത്തിട്ടില്ലെങ്കിൽ ഏതു ക്ലബ്ബിനാണെങ്കിലും ഭാവിയിൽ പണി കിട്ടുമെന്നും പരിശീലകൻ പറഞ്ഞു. അദ്ദേഹത്തിന്റെ പറഞ്ഞത് ഇപ്രകാരമാണ്.
ക്ലബ്ബിലെ ഇത് എന്റെ മൂന്നാമത്തെ സീസൺ ആണ്. ഞങ്ങൾ ഒരുപാട് യുവ താരങ്ങളെ കണ്ടെത്തിയിട്ടുണ്ട്.ഇത് ഫുട്ബോളിന്റെ ഭാഗമാണ്. ഇവരാണ് നമ്മുടെ ക്ലബ്ബിന്റെ ഭാവി. ഇത്തരം താരങ്ങളെ നമ്മൾ ഉൽപ്പാദിപ്പിച്ചിട്ടില്ലെങ്കിൽ അതിന്റെ ഭവിഷത്ത് ഭാവിയിൽ നമുക്ക് തന്നെയാണ് അനുഭവിക്കേണ്ടി വരിക. ലിമിറ്റഡ് ബജറ്റിൽ മുന്നോട്ടു പോകണമെങ്കിൽ നമ്മൾ ഇത്തരം താരങ്ങളെ കണ്ടെത്തേണ്ടതുണ്ട്.മാത്രമല്ല ഇവർ വളർന്നാൽ ചിലപ്പോൾ വേണമെങ്കിൽ നമുക്ക് വിൽക്കാം,എന്തായാലും ഇവരൊക്കെ ടീമിന്റെ പ്രധാനപ്പെട്ട താരങ്ങളായി മാറും.ഐഎസ്എല്ലിൽ കളിക്കാൻ ക്വാളിറ്റി ഉള്ളവരാണ് നമ്മുടെ യുവതാരങ്ങൾ.നമ്മുടെ ആസ്തി ഇത്തരം താരങ്ങളാണ്. യുവതാരങ്ങൾ വളരെ പെട്ടെന്ന് മികവിലേക്ക് എത്തുന്നു.പക്ഷേ നമ്മൾ ഇനിയും ഹാർഡ് വർക്ക് ചെയ്യേണ്ടതുണ്ട്, ഇതാണ് ബ്ലാസ്റ്റേഴ്സ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.
ഈ സീസണിൽ പരിക്കുകൾ കാരണവും സസ്പെൻഷനുകൾ കാരണവും പല താരങ്ങളെയും ക്ലബ്ബിന് നഷ്ടമായിരുന്നു. ആ സമയത്തൊക്കെ ഇവാൻ വുക്മനോവിച്ച് ഇത്തരം യുവതാരങ്ങളെ ഉപയോഗപ്പെടുത്തുകയാണ് ചെയ്തിട്ടുള്ളത്.വിബിൻ,ഐമൻ,സച്ചിൻ എന്നിവരൊക്കെ ഇപ്പോൾ ക്ലബ്ബിന്റെ നിർണായക സാന്നിധ്യങ്ങളായി മാറിയിട്ടുണ്ട്.