ഡയസിന്റെയും ആൽവരോയുടേയും കാര്യത്തിൽ സംഭവിച്ചത് കണ്ടില്ലേ? ദിമിയുടെ കാര്യത്തിൽ ആശാൻ പറയുന്നു!
കേരള ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർതാരമായ ദിമിത്രിയോസുമായി ബന്ധപ്പെട്ട റൂമറുകൾ ഇപ്പോൾ വളരെയധികം സജീവമാണ്.അദ്ദേഹത്തിന്റെ കരാർ ഈ സീസൺ അവസാനിക്കുന്നതോടുകൂടി പൂർത്തിയാവുകയാണ്.ഈ കരാർ പുതുക്കാൻ ഇതുവരെ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടില്ല.ബ്ലാസ്റ്റേഴ്സ് ഓഫർ നൽകിയിട്ടുണ്ടെങ്കിലും അത് ഇതുവരെ ഈ സ്ട്രൈക്കർ സ്വീകരിച്ചിട്ടില്ല.
നിരവധി റൂമറുകൾ അദ്ദേഹത്തിന്റെ കാര്യത്തിൽ പ്രചരിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ദിമി കേരള ബ്ലാസ്റ്റേഴ്സ് വിടുമോ എന്ന ചോദ്യം പരിശീലകൻ ഇവാൻ വുക്മനോവിച്ചിനോട് ചോദിക്കപ്പെട്ടിരുന്നു.ദിമിയുടെ കാര്യത്തിൽ പരിമിതികൾ ഉണ്ട് എന്നാണ് വുക്മനോവിച്ച് പറഞ്ഞിട്ടുള്ളത്.ഡയസും ആൽവരോയും ക്ലബ്ബ് വിട്ടതും ഇദ്ദേഹം പരാമർശിച്ചു.വുക്മനോവിച്ച് പറഞ്ഞതിന്റെ പൂർണ്ണരൂപം ഇങ്ങനെയാണ്.
സാമ്പത്തികപരമായി കൂടുതൽ ആനുകൂല്യങ്ങൾ നൽകാമെന്ന് പറഞ്ഞുകൊണ്ട് എപ്പോഴും ക്ലബ്ബുകൾ നമ്മെ സമീപിക്കും.ഫുട്ബോളിൽ കാര്യങ്ങൾ അങ്ങനെയൊക്കെയാണ് പ്രവർത്തിക്കുന്നത്.ഒരു ക്ലബ്ബ് എന്ന നിലയിൽ നമ്മുടെ ഏറ്റവും മികച്ച താരങ്ങളെ നിലനിർത്താൻ തന്നെയാണ് നമ്മൾ ആഗ്രഹിക്കുക.പക്ഷേ അവിടെ പരിമിതികൾ ഉണ്ട്.മുമ്പത്തെ സീസണിലും നമുക്ക് ഇത് സംഭവിച്ചിട്ടുണ്ട്.പെരേര ഡയസ്,ആൽവരോ എന്നിവരെ നമുക്ക് നഷ്ടമായിട്ടുണ്ട്.
തീർച്ചയായും ഇത്തരം താരങ്ങളെ നിലനിർത്താൻ തന്നെയാണ് നമ്മൾ ആഗ്രഹിക്കുന്നത്.പക്ഷേ ചില ഓഫറുകളോട് നമുക്ക് പിടിച്ചുനിൽക്കാൻ കഴിയില്ല. അത് ട്രാൻസ്ഫർ മാർക്കറ്റിലെ എഴുതപ്പെടാത്ത ഒരു നിയമമാണ്.ദിമി വളരെ മികച്ച ഒരു താരമാണ്.തുടർച്ചയായി രണ്ടാം വർഷവും അദ്ദേഹം അദ്ദേഹത്തിന്റെ മികവ് തെളിയിക്കുന്നു. തീർച്ചയായും പല ക്ലബ്ബുകളും താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്.ഐഎസ്എല്ലിൽ നിന്ന് തന്നെയാണ് ക്ലബ്ബുകൾ. അവരുടെ വിദേശ സ്കൗട്ടിംഗ് വളരെ ദുർബലമാണ്,ഇതാണ് വുക്മനോവിച്ച് പറഞ്ഞിട്ടുള്ളത്.
അതായത് മികച്ച ഓഫറുകൾ വന്നു കഴിഞ്ഞാൽ ദിമിയെ നഷ്ടപ്പെടാൻ സാധ്യതയുണ്ട് എന്ന് തന്നെയാണ് പരിശീലകൻ പറഞ്ഞിട്ടുള്ളത്. കേരള ബ്ലാസ്റ്റേഴ്സിന് അങ്ങനെയാണ് ഡയസ്,ആൽവരോ എന്നിവരെ നഷ്ടപ്പെട്ടതെന്ന് പരിശീലകൻ വ്യക്തമാക്കുന്നത്.