സൂചി കുത്താൻ ഇടം നൽകരുത്,നൽകിയാൽ ഗോളടിച്ചിരിക്കും,എല്ലാ ബ്ലാസ്റ്റേഴ്സ് താരങ്ങൾക്കും മാതൃകയാക്കാവുന്ന താരം:ഇവാൻ ദിമിയെ കുറിച്ച് പറയുന്നു.
കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ഒരു മികച്ച തുടക്കം തന്നെ ഉണ്ടാക്കിയെടുക്കാൻ സൂപ്പർ താരമായ ദിമിത്രിയോസ് ഡയമന്റക്കോസിന് സാധിച്ചിട്ടുണ്ട്.ആകെ ഈ സീസണിൽ അദ്ദേഹം 4 ഗോളുകളും ഒരു അസിസ്റ്റും പൂർത്തിയാക്കി കഴിഞ്ഞു. കഴിഞ്ഞ ചെന്നൈക്കെതിരെയുള്ള മത്സരത്തിൽ ഇരട്ട ഗോളുകളാണ് ഈ ഗ്രീക്ക് സൂപ്പർ താരം സ്വന്തമാക്കിയിട്ടുള്ളത്. ആദ്യത്തെ ഗോൾ പെനാൽറ്റിയിലൂടെയായിരുന്നു. രണ്ടാമത്തെ ഗോൾ പിറന്നത് ഒരു ലോങ്ങ് റേഞ്ച് ഷോട്ടിലൂടെയായിരുന്നു.
വേൾഡ് ക്ലാസ് ഗോൾ തന്നെയായിരുന്നു അദ്ദേഹം നേടിയിരുന്നത്.ഈ ഇരട്ട ഗോൾ നേടിയതോടുകൂടി കേരള ബ്ലാസ്റ്റേഴ്സിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരമായി മാറാൻ ദിമിക്ക് സാധിച്ചിരുന്നു.16 ഗോളുകളാണ് അദ്ദേഹം നേടിയിട്ടുള്ളത്.15 ഗോളുകൾ നേടിയിട്ടുള്ള നായകൻ അഡ്രിയാൻ ലൂണ രണ്ടാം സ്ഥാനത്ത് വരുന്നുണ്ട്.
ചെന്നൈക്കെതിരെയുള്ള മത്സരത്തിനുശേഷം ദിമിയെ കുറിച്ച് പരിശീലകനായ വുക്മനോവിച്ച് ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്.ദിമിക്ക് ഇടം നൽകരുതെന്ന് പറയാറുണ്ടെന്നും നൽകിയാൽ അദ്ദേഹം ഗോളടിച്ചിരിക്കും എന്നുമാണ് വുക്മനോവിച്ച് പറഞ്ഞിട്ടുള്ളത്. എല്ലാ കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾക്കും മാതൃകയാക്കാവുന്ന ഒരു താരം കൂടിയാണ് ദിമിയെന്നും വുക്മനോവിച്ച് മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ട്.
ദിമി വളരെ മികച്ച ഒരു സ്ട്രൈക്കറാണ്. ഒരു ഫുട്ബോൾ താരം എന്ന നിലയിൽ അദ്ദേഹം പാലിച്ചു പോരുന്ന എല്ലാ കാര്യങ്ങളും മറ്റു കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾക്ക് മാതൃകയാക്കാവുന്ന ഒന്നാണ്.ദിമിക്ക് ഇടം നൽകരുത് എന്ന് പറയാറുണ്ട്.കാരണം ഇടം നൽകിയാൽ അദ്ദേഹം ഗോളടിച്ചിരിക്കും. എപ്പോഴും ഗോൾ ദാഹത്തോട് കൂടി കളിക്കുന്ന താരമാണ് ദിമി,ഇതാണ് ആശാൻ പറഞ്ഞിട്ടുള്ളത്.
ഡിസംബർ മൂന്നാം തീയതി നടക്കുന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഗോവയെയാണ് നേരിടുക.ഗോവയുടെ മൈതാനത്ത് വെച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക.കഴിഞ്ഞ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന് ആശങ്കകൾ സൃഷ്ടിച്ചത് പ്രതിരോധമാണ്.പ്രതിരോധത്തിലെ പാളിച്ചകൾ നികത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.ഫിനിഷിങ്ങിൽ കൂടി കേരള ബ്ലാസ്റ്റേഴ്സ് മൂർച്ച കൈവരുത്തേണ്ടതുണ്ട്.കാരണം അത്രയും മികച്ച അവസരങ്ങൾ മത്സരത്തിൽ ലഭിച്ചിരുന്നു.