ഇന്നലെ ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന മത്സരത്തിലും കേരള ബ്ലാസ്റ്റേഴ്സിന് പരാജയം ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. എതിരില്ലാത്ത ഒരു ഗോളിനാണ് ചെന്നൈയിൻ എഫ്സി കേരള ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയത്. തുടർച്ചയായ മൂന്നാം ഐഎസ്എൽ മത്സരത്തിലാണ് ഇപ്പോൾ ബ്ലാസ്റ്റേഴ്സ് പരാജയം ഏറ്റുവാങ്ങുന്നത്. അവസാനമായി കളിച്ച 5 മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സ് തോൽക്കുകയാണ് ചെയ്തിട്ടുള്ളത്.
പല പ്രധാനപ്പെട്ട താരങ്ങളും ഇല്ലാതെയാണ് ഇപ്പോൾ ബ്ലാസ്റ്റേഴ്സ് കളിക്കുന്നത്. ഇന്നലത്തെ മത്സരത്തിൽ ലൂണ,പെപ്ര,ദിമി എന്നിവർ ഇല്ലായിരുന്നു. മാത്രമല്ല സച്ചിൻ,ലെസ്ക്കോ എന്നിവർ പരിക്കു മൂലം പുറത്താക്കുകയും ചെയ്തു. ഇങ്ങനെ ടീമിന്റെ ബാലൻസ് ആകെ തെറ്റിയിരുന്നു. അത്തരമൊരു അസന്തുലിതമായ സാഹചര്യത്തിലൂടെയാണ് കേരള ബ്ലാസ്റ്റേഴ്സ് കടന്ന് പോയിക്കൊണ്ടിരിക്കുന്നത്.ഇന്നലെത്തെ മത്സരത്തിൽ വുക്മനോവിച്ച് പല താരങ്ങളെയും ഉപയോഗപ്പെടുത്തുകയായിരുന്നു.
സാധാരണ സ്റ്റാർട്ടിങ് ഇലവനിൽ ഇല്ലാത്ത പല താരങ്ങൾക്കും സ്റ്റാർട്ടിങ് ഇലവനിൽ ഇടം ലഭിച്ചിരുന്നു. പക്ഷേ സീസണിന്റെ ആദ്യഘട്ടത്തിൽ ഉണ്ടായിരുന്ന ആ വിന്നിംഗ് ഇലവനെ ബ്ലാസ്റ്റേഴ്സിന് ഇപ്പോൾ നഷ്ടമായിട്ടുണ്ട്. ഒരു പകരക്കാരുടെ ഇലവൻ ആണ് ഇപ്പോൾ ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ ഈ താരങ്ങളിൽ തനിക്ക് വളരെയധികം അഭിമാനം തോന്നുന്നു എന്നാണ് മത്സരശേഷം വുക്മനോവിച്ച് പറഞ്ഞിട്ടുള്ളത്.
സ്റ്റാർട്ടിങ് ഇലവനിൽ കളിച്ച് പരിചയമില്ലാത്ത പല താരങ്ങളുമാണ് ഈ മത്സരത്തിൽ കളിച്ചത്. അവരുടെ ഷോൾഡറുകളിൽ അവർ ഉത്തരവാദിത്വം എടുത്ത് വെച്ചു.ഈ താരങ്ങളുടെ കാര്യത്തിൽ എനിക്ക് ഒരുപാട് അഭിമാനമുണ്ട്.താരങ്ങൾ അവരെക്കൊണ്ട് സാധിക്കുന്നതെല്ലാം ചെയ്തിട്ടുണ്ട്.അവർ ഹൃദയം നൽകി,എല്ലാം സമർപ്പിച്ചു.അവസാന വിയർപ്പ് തുള്ളി വരെ അവർ പോരാടി,ഇതാണ് വുക്മനോവിച്ച് പറഞ്ഞിട്ടുള്ളത്.
നിലവിൽ പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ് ഉള്ളത്.15 മത്സരങ്ങളിൽ നിന്ന് 26 പോയിന്റാണ് ബ്ലാസ്റ്റേഴ്സിനുള്ളത്. അടുത്ത മത്സരത്തിൽ ഗോവയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.കൊച്ചിയിൽ വെച്ച് കൊണ്ടാണ് ഈ മത്സരം നടക്കുക. ഈ മത്സരത്തിൽ എങ്കിലും ബ്ലാസ്റ്റേഴ്സ് വിജയ വഴിയിലേക്ക് തിരിച്ചെത്തേണ്ടതുണ്ട്.