കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ അടുത്ത മത്സരത്തിന് മണിക്കൂറുകൾക്കകം ഇറങ്ങും. അയൽക്കാരായ ചെന്നൈയിൻ എഫ്സിയാണ് ഇന്ന് നടക്കുന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.കൊച്ചി കലൂർ സ്റ്റേഡിയത്തിൽ വച്ചുകൊണ്ട് തന്നെയാണ് ഈ മത്സരം നടക്കുക. അവസാനമായി കളിച്ച മൂന്ന് മത്സരങ്ങളിലും വിജയം നേടിയതിന്റെ ആവേശത്തിലാണ് ബ്ലാസ്റ്റേഴ്സ് ഇന്ന് ഇറങ്ങുന്നത്.
കൊച്ചി സ്റ്റേഡിയം എതിരാളികളെ സംബന്ധിച്ചിടത്തോളം ഇന്ന് ശവപ്പറമ്പാണ്. അവിടെനിന്ന് വിജയിച്ചുകൊണ്ട് മടങ്ങുക എന്നത് അതീവ ദുഷ്കരമാണ്. കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ പിന്തുണ ബ്ലാസ്റ്റേഴ്സിന് അവിടെ വലിയ മുതൽക്കൂട്ടാണ്.വുക്മനോവിച്ച് വന്നതിനുശേഷം വലിയ മാറ്റങ്ങളാണ് കൊച്ചി സ്റ്റേഡിയത്തിൽ സംഭവിച്ചത്.അതിനുമുൻപ് കൊച്ചിയിൽ ആകെ കളിച്ച അമ്പതു മത്സരങ്ങളിൽ കേവലം 18 എണ്ണത്തിൽ മാത്രമായിരുന്നു ബ്ലാസ്റ്റേഴ്സ് വിജയിച്ചിരുന്നത്.
എന്നാൽ വുക്മനോവിച്ചിന് കീഴിൽ കൊച്ചിയിൽ കളിച്ച 15 മത്സരങ്ങളിൽ 11 മത്സരങ്ങളിലും കേരള ബ്ലാസ്റ്റേഴ്സ് വിജയിച്ചിട്ടുണ്ട്.ഒരു വലിയ മാറ്റം തന്നെ നമുക്ക് ഇവിടെ ദർശിക്കാൻ കഴിയും. എങ്ങനെയാണ് കൊച്ചി സ്റ്റേഡിയത്തെ എതിരാളികൾക്ക് ഒരു നരകമാക്കി മാറ്റിയത് എന്നതിന് കൃത്യമായ ഉത്തരം വുക്മനോവിച്ചിന്റെ പക്കലുണ്ട്. ഇന്നലെ നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്.
ഞാൻ കേരള ബ്ലാസ്റ്റേഴ്സിനെ കുറിച്ച് ആദ്യമായി ഗവേഷണം നടത്തിയപ്പോൾ ശ്രദ്ധിച്ച കാര്യം അവിടുത്തെ ആരാധക കൂട്ടത്തിൽ തന്നെയാണ്.കൊച്ചി സ്റ്റേഡിയത്തിലെ ആരാധകർ ഒരു Wow എഫക്ട് ആയിരുന്നു നൽകിയിരുന്നത്. ഹോം മത്സരങ്ങളിൽ ഈ ആരാധകർ ഒരു എക്സ്ട്രാ പവർ നൽകുമെന്ന് ഞാൻ അന്ന് മനസ്സിലാക്കി. അന്ന് എന്റെ മനസ്സിൽ ഉണ്ടായിരുന്ന ചോദ്യം എന്തുകൊണ്ട് അത് ഉപയോഗപ്പെടുത്താൻ കഴിഞ്ഞില്ല എന്നതാണ്. അതുകൊണ്ടുതന്നെ ഹൃദയം കൊണ്ട് കളിക്കുന്ന കുറച്ചു താരങ്ങളെ ഞങ്ങൾക്ക് ആവശ്യമായി വന്നു. ആരാധകരും താരങ്ങളും തമ്മിലുള്ള ബന്ധം ഞങ്ങൾ വളർത്തിയെടുത്തു. അത് ഗുണകരമായി മാറി.റിസൾട്ടുകൾ നേടാൻ സഹായകരമായി.ടാക്റ്റിക്കൽ സൈഡ് നോക്കുകയാണെങ്കിൽ വ്യത്യസ്ത തന്ത്രങ്ങളുമായാണ് ഓരോ ഹോം മത്സരത്തെയും ഞങ്ങൾ സമീപിക്കാനുള്ളത്. കൊച്ചി സ്റ്റേഡിയത്തിൽ പ്രവചിക്കാനാവാത്ത ഒരു ടീമായി മാറുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.മെന്റാലിറ്റിയിലും മാറ്റങ്ങൾ ഉണ്ടാക്കി. ഞങ്ങളുടെ ഹോം ഗ്രൗണ്ട് വളരെ സ്പെഷ്യലാണ്.വിലമതിക്കാനാവാത്തതാണ്.അതിന്റെ ഗുണങ്ങൾ ഞങ്ങൾ പരമാവധി മുതലെടുക്കണം,വുക്മനോവിച്ച് പറഞ്ഞു.
സ്വന്തം ആരാധകർക്ക് മുന്നിൽ ഇന്നത്തെ മത്സരത്തിലും മികച്ച വിജയം നേടുക എന്നത് തന്നെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ലക്ഷ്യം. കഴിഞ്ഞ ഹൈദരാബാദ് മത്സരത്തിൽ വിജയിച്ചുവെങ്കിലും ചില പോരായ്മകൾ ഒക്കെ ഉണ്ടായിരുന്നു.അതൊക്കെ ഇന്നത്തെ മത്സരത്തിൽ പരിഹരിക്കപ്പെടും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.