കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ അടുത്ത മത്സരത്തിനു വേണ്ടിയുള്ള ഒരുക്കത്തിലാണ് ഇപ്പോഴുള്ളത്. നാളെ നടക്കുന്ന മത്സരത്തിൽ ഗോവയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. നാളെ രാത്രി ഇന്ത്യൻ സമയം എട്ടുമണിക്ക് ഗോവയുടെ മൈതാനത്ത് വച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക. കഴിഞ്ഞ മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് ചെന്നൈയോട് സമനില വഴങ്ങിയിരുന്നു.
അതുകൊണ്ടുതന്നെ ബ്ലാസ്റ്റേഴ്സിന് വിജയ വഴിയിലേക്ക് തിരിച്ചെത്തേണ്ടതുണ്ട്. ആദ്യത്തെ 7 മത്സരങ്ങളിൽ നിന്ന് ഗോളുകളോ അസിസ്റ്റുകളോ നേടാൻ സ്ട്രൈക്കർ പെപ്രക്ക് സാധിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ അദ്ദേഹത്തെ മാറ്റണമെന്ന ആവശ്യം ആരാധകർക്കിടയിൽ നിന്ന് ഉയർന്നിരുന്നു. എന്നാൽ കഴിഞ്ഞ മത്സരത്തിൽ അദ്ദേഹം ഗോൾ നേടുകയായിരുന്നു.ഒരു തകർപ്പൻ ഗോളായിരുന്നു അദ്ദേഹത്തിൽ നിന്നും പിറന്നിരുന്നത്.
ഇന്നലത്തെ പ്രസ് കോൺഫറൻസിൽ പരിശീലകൻ വുക്മനോവിച്ചിനോടൊപ്പം എത്തിയത് പെപ്രയായിരുന്നു.പെപ്രയെ കുറിച്ച് ചില കാര്യങ്ങൾ ഇപ്പോൾ വുക്മനോവിച്ച് പങ്കുവെച്ചിട്ടുണ്ട്. വളരെ അപകടകാരിയായ ഒരു സ്ട്രൈക്കറാണ് പെപ്ര എന്നാണ് വുക്മനോവിച്ച് പറഞ്ഞിട്ടുള്ളത്. താൻ മുമ്പ് ഒരു ഡിഫൻഡർ ആയിരുന്നുവെന്നും ആ അറിവ് വെച്ചാണ് ഇക്കാര്യം പറയുന്നതെന്നും വുക്മനോവിച്ച് പറഞ്ഞിട്ടുണ്ട്.
അറ്റാക്കിങ്ങിലുള്ള എല്ലാ താരങ്ങൾക്കും അതുല്യമായ ഓരോ പ്രൊഫൈലുകൾ ഉണ്ട്. ട്രാൻസ്ഫർ പിരിയഡിൽ ഒരു വ്യത്യസ്തമായ ക്വാളിറ്റികൾ ഉള്ള മുന്നേറ്റ നിര താരത്തെയായിരുന്നു ഞങ്ങൾ അന്വേഷിച്ചിരുന്നത്.ഞങ്ങൾ അന്വേഷിച്ച അതേ താരത്തെയാണ് പെപ്രയിലൂടെ ലഭിച്ചത്. വളരെ അപകടകാരിയായ സ്ട്രൈക്കർ ആണ് പെപ്ര.ഞാൻ ഇക്കാര്യം പറയാൻ കാരണം ഞാൻ മുമ്പ് ഒരു ഡിഫൻഡർ ആയിരുന്നു.ഇത്തരത്തിലുള്ള താരങ്ങളെ നേരിടുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. വളരെ വൈകി കൊണ്ടാണ് പെപ്ര ടീമിനോടൊപ്പം ചേർന്നത്.അതിന്റെ ബുദ്ധിമുട്ടുകൾ മാത്രമാണ് അദ്ദേഹത്തിന് ഉള്ളത്,വുക്മനോവിച്ച് പറഞ്ഞു.
നിലവിൽ കേരള ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ് ഉള്ളത്.8 മത്സരങ്ങളിൽ നിന്ന് 17 പോയിന്റാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ സമ്പാദ്യം. രണ്ടാം സ്ഥാനക്കാർക്കെതിരെയാണ് നാളെ കളിക്കുക.വിജയം സ്വന്തമാക്കാൻ കഴിഞ്ഞിട്ടില്ലെങ്കിൽ അത് കൂടുതൽ തിരിച്ചടി ഏൽപ്പിക്കുകയാണ് ചെയ്യുക.